തൊടുപുഴ:ക്രൂര മർദനത്തിനിരയായി തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ സഹോദരന്റെ സംരക്ഷണ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ കുടുംബം. മൂന്നര വയസുകരനായ രണ്ടാമത്തെ കുട്ടിയുടെ സംരക്ഷണ ചുമതല കൈമാറണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛനാണ് ഇടുക്കി ജില്ല ശിശു സംരക്ഷണ സമിതിയ്ക്ക് കത്ത് നൽകിയത്. നിലവിൽ അമ്മയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.
അമ്മയുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും, കുട്ടിയെ വിട്ടുതരണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തെ കുടുംബവീട്ടിൽ നിർത്തി കുട്ടിയുടെ പഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ നോക്കമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കാര്യങ്ങൾ അന്വേഷിച്ച് വിവരം നൽകാൻ തിരുവനന്തപുരം യൂണിറ്റിന് ഇടുക്കി ജില്ല ശിശു ക്ഷേമ സമിതി നിർദേശം നൽകി. കുട്ടിയെ കൈമാറുന്ന കാര്യത്തിൽ അമ്മയുടെ നിലപാടും സംരക്ഷണസമിതി തേടും.
10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടില്‍ മൃതദേഹം സംസ്കരിച്ചു. പത്ത് ദിവസത്തോളം ഗുരുതരമായി ആശുപത്രി കിടക്കയിലായിരുന്നെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇന്നലെ വൈകീട്ട് നടന്ന സംസ്കാര ചടങ്ങില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്കടക്കം തേങ്ങലടക്കാനായില്ല.