തൊടുപുഴ: കൊടുങ്കാടിനുളളിലൂടെയും ഗ്രാമങ്ങളിലൂടെയും തുറന്ന ജീപ്പില്‍ ഒരു സഫാരി മോഹിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വനം വകുപ്പിന്രെ ഈ വിളി കേൾക്കൂ, മറയൂരിലേക്കു വരൂ എന്നാണത്.

മറയൂരിലെ അഞ്ചുനാട് വില്ലേജിന്റെ സൗന്ദര്യം സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കാനുള്ള ഹെറിറ്റേജ് ടൂറിസം പദ്ധതിയുമായി വനംവകുപ്പ് പദ്ധതിയുടെ ഭാഗമാണിത്. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിലാണ് അഞ്ചുനാടിന്റെ കാണാക്കാഴ്ചകള്‍ സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കുന്ന ഹെറിറ്റേജ് സഫാരിക്കു തുടക്കമിട്ടിരിക്കുന്നത്.
സഫാരി പ്രേമികൾക്കുളള പുതുവത്സര സമ്മാനമായാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയാണ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്.

മറയൂര്‍ ഹെറിറ്റേജ് സഫാരിയിൽ ആറു പേര്‍ക്ക് ആറു മണിക്കൂര്‍ നീളുന്ന ജീപ്പ് സഫാരിയിലൂടെ മറയൂരിലും കാന്തല്ലൂരിലും ചിന്നാറിലുമുള്ള പത്തു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം . ആറുമണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് 5000 രൂപയും മൂന്നു മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് 3500 രൂപയുമാണ് ഈടാക്കുക.മൂന്നു മണിക്കൂര്‍ നീളുന്ന യാത്രയില്‍ അഞ്ചു സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം മൂന്നുവരെയാണ് സഫാരിയുടെ സമയമായി നിശ്ചയിച്ചിരിക്കുന്നത്.

മറയൂര്‍ ആനക്കോട്ടപ്പാറയിലെ മുനിയറകള്‍, മറയൂരിലെ മറയൂര്‍ ശര്‍ക്കര നിര്‍മാണം, മറയൂരിനു സമീപം നാച്ചിവയലിലുള്ള ചന്ദന റിസര്‍വ്, മറയൂര്‍ ഗ്രാമം,മറയൂരിലെ മെഗാലിത്തിക് പാര്‍ക്ക്, മറയൂരില്‍ നിന്നുള്ള കീഴാന്തൂര്‍ ഗ്രാമത്തിന്റെ കാഴ്ച, മറയൂര്‍ സാന്‍ഡല്‍ റിസര്‍വിനുള്ളില്‍ സ്ഥിതി ചെയ്യുന്നതും ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ശിലാ ലിഖിതങ്ങളുള്ളതുമായ എഴുത്തള, കോളച്ചാവയല്‍ ആദിവാസിക്കുടി സന്ദര്‍ശനം, ഭ്രമരം വ്യൂ പോയിന്റ്, കാന്തല്ലൂര്‍ പെരുമലയിലൈ ഓറഞ്ച്-ആപ്പിള്‍ പഴത്തോട്ടങ്ങള്‍ എന്നിവയാണ് ഹെറിറ്റേജ് സഫാരിയിലൂടെ സഞ്ചാരികള്‍ക്കു മുന്നിലെത്തുക.

അഞ്ചുനാട് വില്ലേജിന്റെ അറിയപ്പെടാത്ത സൗന്ദര്യം സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കാനാണ് മറയൂര്‍ ഹെറിറ്റേജ് സഫാരിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചിന്നാര്‍ വന്യ ജീവി സങ്കേതം അസിസ്റ്റന്റ് വാര്‍ഡന്‍ പി എം പ്രഭു പറയുന്നു. ഒരേ സമയം കാടും ഗ്രാമങ്ങളും ഈ യാത്രയിലൂടെ സഞ്ചാരികള്‍ക്കു മുന്നിലെത്തും. ടൂറിസ്റ്റുകള്‍ക്കു പ്രവേശനമില്ലാത്ത മറയൂര്‍ ചന്ദനക്കാടുകള്‍ പോലുള്ളവ അടുത്തുകാണാനും യാത്ര അവസരമൊരുക്കുന്നുണ്ടെന്നും പി എം പ്രഭു കൂട്ടിച്ചേര്‍ക്കുന്നു. പരമ്പരാഗത ആദിവാസി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള എത്‌നിക് ഫുഡ് കോര്‍ട്ട് ഉള്‍പ്പടെയുള്ള വിപുലമായ പദ്ധതികള്‍ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഈ മാസം 14-ന് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആലാംപെട്ടിയില്‍ അമ്പതോളം പരമ്പരാഗത ആദിവാസി ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഏകദിന ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. പുതിയ ടൂറിസം പദ്ധതി ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങള്‍ക്കു പ്രയോജകരമാകുന്ന തരത്തിലാണ് നടപ്പാക്കുന്നതെന്നും ചിന്നാര്‍ വന്യജീവി സങ്കേതം അധികൃതര്‍.

ഉദ്ഘാടന ചടങ്ങില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വാര്‍ഡന്‍ പി എം പ്രഭു, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ്, മറയൂര്‍ റേഞ്ച് ഓഫീസര്‍ ജോബ് ജെ നേര്യംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ