തൊടുപുഴ: അമ്മയുടെ കാമുകന്റെ മര്‍ദനത്തില്‍ മരിച്ച തൊടുപുഴയിലെ ഏഴ് വയസുകാരന്റെ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. തലയിലെ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുൺ എതിർത്തു. കുട്ടിയുടെ അമ്മയെയും ആംബുലൻസിൽ കയറാൻ അരുൺ അനുവദിച്ചില്ല. ആശുപത്രി അധികൃതരുമായി തർക്കിച്ച് അര മണിക്കൂർ നേരമാണ് അരുൺ പാഴാക്കിക്കളഞ്ഞത്.

Read More: മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരത; തൊടുപുഴയിൽ ക്രൂര മർദനത്തിന് ഇരയായ ഏഴു വയസുകാരൻ മരിച്ചു

കുട്ടിയുടെ ചികിത്സ ഒന്നര മണിക്കൂര്‍ വൈകിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രി അധികൃതരുമായി സഹകരിച്ചില്ല. ഇതും മരണത്തിന് കാരണമായി. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. തലയോട്ടിയുടെ ഇരുവശത്തും ഗുരുതരമായ മുറിവുകളുണ്ട്. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ട്. മര്‍ദനത്തില്‍ തലയോട്ടി പിളര്‍ന്നിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിൽ ബലമായി ഇടിച്ചതിന്‍റെ പാടുകളുമുണ്ട്. വീഴ്ചയിൽ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാൾ ഗുരുതരമാണെന്നും പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പ്രതിയായ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Read More: ഏഴു വയസുകാരന്റെ മരണം വേദനാജനകമെന്ന് മന്ത്രി കെ.കെ.ശൈലജ

അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ കുട്ടി പത്ത് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.35 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഇന്ന് 4.30 ഓടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.