തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴു വയസുകാരന്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ചികിത്സ ഉറപ്പാക്കും. ഇളയകുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും ആരോഗ്യവകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏറ്റെടുക്കും. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരിക്കുള്ളത്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. പ്രതിയായ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. തിരുവനന്തപുരം സ്വദേശിയാണ് പ്രതി. ലഹരിക്ക് അടിമപ്പെട്ടാണ് യുവാവ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെതിരെയാണ് (35) കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പൊലീസ് നടപടികള്‍ കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്.

വടി ഉപയോഗിച്ച് തലയ്ക്കും കണ്ണിനും അടിച്ചെന്ന് മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ മൂന്നര വയസുള്ള സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ഇയാളുടെ ആക്രമണത്തില്‍ ഈ മൂന്നര വയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. താടിയെല്ലിനും പല്ലിനുമാണ് പരിക്ക്. ഈ കുട്ടിയെ പൊലീസ് അമ്മൂമ്മയോടൊപ്പം പോകാന്‍ അനുവദിച്ചു.

രണ്ടാനച്ഛൻ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്നും മുമ്പും മര്‍ദ്ദിച്ചിട്ടുണ്ടെന്നും അമ്മ പൊലീസിന് മൊഴി നൽകി. യുവതിയുടെ ഭര്‍ത്താവ് പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം യുവതിയും കുഞ്ഞുങ്ങളും ഇയാളോടൊപ്പമാണ് കഴിഞ്ഞ് വന്നത്. ഭര്‍ത്താവിന്റെ ബന്ധുകൂടിയാണിയാള്‍.

കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിയ്ക്ക്  അടിയന്തര ശസ്ത്രക്രിയ നടത്തി. സോഫയില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ആദ്യം ഇവര്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്.  തലയിൽ രക്തസ്രാവം തുടരുന്നതാണ് കുട്ടിയുടെ നില ഗുരുതരമാകാൻ കാരണം. തലയ്ക്കടിയേറ്റ് തലച്ചോർ പുറത്തുവന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവതിയേയും കുട്ടികളേയും ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം സ്ക്കൂളില്‍ പറഞ്ഞതിനാണ് ഇയാള്‍ കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇയാൾ കുട്ടികളെ ആക്രമിക്കാൻ തുടങ്ങിയത്. പ്രതി മദ്യത്തിനും മയക്കമരുന്നിനും അടിമയാണെന്നും സ്ഥിരമായി കുട്ടികളെ ആക്രമിക്കാറുണ്ടെന്നും പരിസരവാസികളും പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.