ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം ദുബായില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാനുളള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് മലയാളിയായ അഷ്റഫ് ഷെറി. ഔദ്യോഗിക രേഖകളില്‍ അഷ്റഫ് എന്ന് മാത്രം രേഖപ്പെടുത്തിയ താമരശ്ശേരി സ്വദേശിയായ 44കാരനാണ് നടിയുടെ കുടുംബത്തിന് സഹായങ്ങളുമായി കൂടെ നിന്നത്.

യുഎഇയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എന്നും സഹായവുമായി കൂടെ നില്‍ക്കുന്നയാളാണ് അഷ്റഫ്. 38ഓളം രാജ്യങ്ങളില്‍ നിന്നുളള 4,700 പേരുടെ മൃതദേഹങ്ങള്‍ തിരികെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കടംകയറി ജീവിതം കൈവിട്ട് പോയ പ്രവാസികള്‍ മുതല്‍ സമ്പന്നരുടെ വരെ മൃതദേഹങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങാതെ നാട്ടിലെത്തിക്കാന്‍ അഷ്റഫ് പ്രയത്നിക്കും.
താമസസ്ഥലത്തോ ജോലി സ്ഥലത്തോ മരിച്ചാല്‍ പ്രവാസികളെ ആശുപത്രിയിലേക്കും പിന്നീട് മോര്‍ച്ചറിയിലേക്കും മാറ്റും. ആരും തിരിഞ്ഞ് നോക്കാനില്ലെങ്കില്‍ മൃതദേഹം അവിടെ കിടക്കും. അപ്പോഴാണ് ഇത് തന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് അഷ്റഫ് നടപടിക്രമങ്ങല്‍ ചെയ്ത് തീര്‍ത്ത് മൃതദേഹം ഇവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക.

സാമൂഹ്യ പ്രവര്‍ത്തകനായ ഇദ്ദേഹം പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കൂടിയാണ്. കഴിഞ്ഞ മൂന്ന് രാവും പകലും ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനും കഴിയും വേഗം നാട്ടിലെത്തിക്കാനും അഷ്റഫ് വിയര്‍പ്പൊഴുക്കുകയായിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനൊപ്പം രേഖകള്‍ ശരിയാക്കാന്‍ പരക്കം പാഞ്ഞതും ഇവര്‍ തന്നെ.

നീണ്ട ദുരൂഹതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ലോകം ഒരു നോക്കുകാണാന്‍ കാത്തിരുന്ന നടിയുടെ മൃതദേഹം വിശ്വസ്തതയോടെ പൊലീസ് കൈമാറിയതും അഷ്റഫ് താമരശ്ശേരിക്കാണ്. എംബാം സര്‍ട്ടിഫിക്കറ്റില്‍ അക്കാര്യം പൊലീസ് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. നാസര്‍ നന്തി, നസീര്‍ വാടാനപ്പള്ളി, റിയാസ് എന്നീ സാമൂഹ്യ പ്രവര്‍ത്തകരും ആദ്യ ദിവസം മുതല്‍ സജീവമായി സേവനരംഗത്തുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.