scorecardresearch

‘കേരളം, എനിക്ക് ഭയമില്ലാതെ സംസാരിക്കാനും ശ്വസിക്കാനും പറ്റുന്ന ഇടം’, പ്രകാശ് രാജ്

ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം കലാകാരന്‍

‘കേരളം, എനിക്ക് ഭയമില്ലാതെ സംസാരിക്കാനും ശ്വസിക്കാനും പറ്റുന്ന ഇടം’, പ്രകാശ് രാജ്

തിരുവനന്തപുരം: ഇന്ത്യയിലാകമാനം വർദ്ധിക്കുന്ന മത വർഗ്ഗീയതയെയും അസഹിഷ്ണുതയെയും വിമർശിച്ച് നടൻ പ്രകാശ് രാജ്. 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് കേരളത്തെ വാനോളം പ്രശംസിച്ച് പ്രമുഖ നടനായ പ്രകാശ് രാജ് സംസാരിച്ചത്.

“എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാൻ കേരളത്തിലേക്ക് വന്നത്. ഇങ്ങോട്ടേക്ക് അങ്ങിനെ വരേണ്ട കാര്യമില്ല. ഇവിടെ ഒന്നിനും സെൻസറിംഗ് ഇല്ല. ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളിൽ ഒന്നാണിത്”, പ്രകാശ് രാജ് ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പത്രപ്രവര്‍ത്തകരുടെ മാത്രം ശബ്ദമല്ല, രാജ്യമൊട്ടാകെയുള്ള എല്ലാത്തരം പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണ്. ഞാനിത് വരെ സംസാരിച്ചു തുടങ്ങിയിട്ടില്ല. എനിക്ക് അവരോടു പറയാനുള്ളത് ഇതാണ്, നിങ്ങള്‍ നിശബ്ദമാക്കപ്പെടുന്നതെന്തും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു തിരിച്ചു വരും, കൂടുതല്‍ മുഴക്കത്തില്‍.

“അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്, ഞാനവരോട് ഉറക്കെ ചിരിക്കുന്നു. അവരെന്നെ നിശബ്ദനാക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഞാൻ പാടിക്കൊണ്ടിരുന്നു”, പ്രകാശ് രാജ് തനിക്കെതിരായി ഉയർന്ന ഭീഷണികളെ പരാമർശിച്ച് പറഞ്ഞു.

“അവർക്ക് എസ് ദുർഗ എന്ന സിനിമയെ കുറിച്ച് പ്രശ്നങ്ങളുണ്ട്. എന്നാൽ അവർക്ക് ദുർഗ വൈൻ പാർലറിനെ കുറിച്ച് പ്രശ്നങ്ങളൊന്നും ഇല്ല. ഹിറ്റലറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് അവർ”, പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

സമൂഹത്തെ സ്നേഹിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. സമൂഹത്തിനു വേണ്ടി തന്‍റെ പേരും പ്രശസ്തിയും പണവും എന്തിനു ജീവന്‍ വരെ കൊടുക്കാന്‍ തയ്യാരാകുന്നവരാകണം അവര്‍. കലാകാരന്മാര്‍, സര്‍ഗാത്മക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ പ്രതികരിച്ചില്ലെങ്കില്‍ സമൂഹം മുഴുവന്‍ അതിനു ധൈര്യമില്ലത്തവരായിത്തീരും. ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം കലാകാരന്‍. ജനപക്ഷത്ത് നില്‍ക്കാന്‍, അനീതിക്കെതിരെ സ്വരം ഉയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ ബലവും ആവശ്യമില്ല, പ്രകാശ് രാജ്

candle
ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്കായി…

22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സമ്മേളനം നിശാഗന്ധിയിൽ ആർഭാടങ്ങളില്ലാതെ ലളിതമായാണ് നടത്തുന്നത്. ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികൾ മരിക്കുകയും അനവധി പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണിത്.

മന്ത്രിമാരാരും ചടങ്ങില്‍ പങ്കെടുത്തില്ല. ഇത്ര വലിയൊരു ദുരന്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ട് മേള നടത്തിയേ മതിയാകൂ എന്നോരവസ്ഥയില്‍ മേളയുമായി മുന്നോട്ടു പോകാന്‍ അനുവാദം തന്ന സര്‍ക്കാരിനു അക്കാദമി ചെയര്‍മാന്‍ കമല്‍ നന്ദി അറിയിച്ചു.

വിശിഷ്ടാതിഥികളായ ബംഗാളി അഭിനേത്രി മാധബി മുഖര്‍ജി, സംവിധായിക അപര്‍ണ സെന്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മ്യൂലര്‍, ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവ് റസൂല്‍ പൂക്കുട്ടി, സംവിധായകന്മാരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ പി കുമാരന്‍, നടി ഷീല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പെര്‍സണ്‍ ബീനാ പോള്‍ വേണുഗോപാല്‍, സെക്രട്ടറി മഹേഷ്‌ പഞ്ചു എന്നിവരും സദസ്സില്‍ സന്നിഹിതരായിരുന്നു.

കൊല്‍കൊത്തയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നിന്നാണ് ഇവിടെയ്ക്ക് എത്തിയത് എന്ന് മാധബി മുഖര്‍ജി പറഞ്ഞു. തന്നെ ക്ഷണിച്ചതിനു അക്കാദമിയോടും ബീനാ പോളിനോടും അവര്‍ നന്ദി രേഖപ്പെടുത്തി.

‘കൊല്‍കൊത്തയിലെ മേളയെക്കാള്‍ ഒരു വയസ്സ് പ്രായം കുറവേയുള്ളൂ കേരളത്തിലെ മേളയ്ക്ക്. എന്നാല്‍ അതിനൊപ്പമോ അതില്‍ മുകളിലോ ആണ് കേരളത്തിലെ മേളയുടെ നിലവാരം” എന്നും മാധബി മുഖര്‍ജി അഭിപ്രായപ്പെട്ടു

ഫെസ്റ്റിവല്‍ ബുക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ ചാഢ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംവിധായകനുമായ മഹമദ് സലേഹ് ഹാറൂണിന് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ ആദ്യപതിപ്പ് സംവിധായകന്‍ കെ.പി കുമാരനില്‍ നി് ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ ഏറ്റുവാങ്ങി. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ പ്രത്യേക ചലച്ചിത്രമേള പതിപ്പ് അക്കാദമി ചെയര്‍മാന്‍ കമല്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കു’ിക്ക് നല്‍കി പ്രകാശനം ചെയ്തു. മാധവി മുഖര്‍ജിയെ കുറിച്ച് ഡോ. രാധിക സി നായര്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടു. പുസ്തകത്തിന്റെ ആദ്യപതിപ്പ് അപര്‍ണ്ണാ സെന്‍ നടി ഷീലയ്ക്ക് നല്‍കി.

നാളെ മുതല്‍ ഡിസംബര്‍ 15 വരെയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: This is one state where i can breath without fear prakash raj on kerala