/indian-express-malayalam/media/media_files/uploads/2023/08/mathew-kuzhalnadan.jpg)
മാത്യു കുഴല്‍നാടന്‍ എംഎല്‍എ
തിരുവനന്തപുരം: തന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. വീണ വിജയന്‍ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഐ ജി എസ് ടി കണക്കുകൾ പുറത്ത് കൊണ്ടുവരുന്നതെന്നും മാത്യു കുഴല്‍നാടന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
"ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ. ഈ കാര്യം ഞാൻ ചോദിച്ചിട്ട് എ കെ ബാലൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാൻ മറുപടിക്കായി കാക്കുന്നു," മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വീണ വിജയന്‍ നെകുതി വെട്ടിച്ചെന്ന മാത്യു കുഴല്‍നാടന്റെ പരാതിയില്‍ അന്വേഷണം നടക്കും. പരാതി പരിശോധിക്കാന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നികുതി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
ജി എസ് ടി കമ്മിഷണറേറ്റാകും പരിശോധന നടത്തുക. സിഎംആര്‍എല്ലില്‍ നിന്ന് 1.72 രൂപ കൈപ്പറ്റിയതിന് വീണ വിജയന്‍ ജി എസ് ടി അടച്ചിട്ടില്ല എന്നാണ് മാത്യു കുഴല്‍നാടന്റെ പ്രധാന ആരോപണം. ഇതിന് പുറമെയായി 80 ലക്ഷത്തിലധികം രൂപ വീണ വാങ്ങിയതായും മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നു.
1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക ജി എസ് ടിയായി അടക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇത് പുറത്ത് വിടാന്‍ സിപിഎം തയാറാണോ. ജി എസ് ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണെന്നും എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പണ കൈമാറ്റം ഇന്ററിം സെറ്റിൽമെന്റിന്റെ റിപ്പോർട്ട് പ്രകാരമുള്ള കണ്ടെത്തൽ ശരിയാണെന്നും നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണെന്നും സിപിഎം അംഗീകരിക്കണം. അല്ലെങ്കിൽ ധനമന്ത്രി നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണം. ഇതിനായുള്ള കത്ത് ഇപ്പോൾ തന്നെ ധനമന്ത്രിക്ക് അയയ്ക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
വീണയുടെ കമ്പനി ആരംഭിക്കുന്നത് 2014-15 കാലഘട്ടത്തിലാണ്. ആദ്യ വര്‍ഷങ്ങളില്‍ കമ്പനി നഷ്ടത്തിലായിരുന്നു. സിഎംആര്‍എല്‍ കമ്പനിയുടെ ഉടമയുടെ ഭാര്യയില്‍ നിന്ന് ആദ്യം 25 ലക്ഷവും പിന്നീട് 37 ലക്ഷം രൂപയും കമ്പനിക്ക് ലഭിച്ചതായും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വീണയുടെ നഷ്ടം 63 ലക്ഷത്തിലധികമാണെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാണിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.