Onam Bumper 2020, Kerala Lottery Thiruvonam Bumper 2020 Draw Date, Time, How to check: സെപ്റ്റംബർ 20നാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 75) 2020 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. 12 കോടി രൂപ നേടുന്ന ആ ഭാഗ്യവാൻ/ഭാഗ്യവതി ആരെന്നറിയാൻ ഇനി ഒരു നാൾ ബാക്കി.
കോവിഡ് പ്രതിസന്ധികൾക്കിടയിലും നിയന്ത്രണങ്ങൾക്കിടയിലും മികച്ച വിൽപ്പന നേടാൻ തിരുവോണം ബംപർ ഭാഗ്യക്കുറിയ്ക്ക് സാധിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീരുകയും, ഡിമാന്റ് വന്നതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തിരമായി അച്ചടിച്ച് വിതരണത്തിനെത്തിക്കുകയുമായിരുന്നു.
ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചയാള്‍ക്കു നികുതിയെല്ലാം കിഴിച്ച് കയ്യില്‍ കിട്ടുന്നത് എത്ര രൂപയാകും എന്ന സംശയം പലർക്കും കാണും. ആദായനികുതി നിയമത്തിന്റെ 194 ബി വകുപ്പ് പ്രകാരമാണു സമ്മാനത്തിന്റെ നികുതി കണക്കാക്കുന്നത്. പതിനായിരത്തിനു മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാല്‍ 30 ശതമാനമാണു നികുതി. ഇതുകൂടാതെ സ്ളാബ് പ്രകാരം സര്‍ചാര്‍ജ്, നികുതിയും സര്‍ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്കു നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും.
2018 – 19 ബജറ്റ് നിര്‍ദേശപ്രകാരം 12 കോടി രൂപ സമ്മാനം കിട്ടിയാല്‍ നികുതി കിഴിച്ച ശേഷം വിജയിക്ക് എത്ര തുക ലഭിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.
12 കോടി അടിച്ചാൽ എത്ര തുക കയ്യിൽ കിട്ടും?
സമ്മാനത്തുക – 12,00,00,000. 10 ശതമാനം ഏജന്‍സി കമ്മിഷന് (1.20 കോടി രൂപ) കിഴിച്ച് ബാക്കി-10.80 കോടി.
ഈ തുകയുടെ 30 ശതമാനം നികുതിയായ 3.24 കോടി രൂപ, അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി (സര്‍ചാര്‍ജ് സ്ളാബ് – 50 ലക്ഷം വരെ ഇല്ല. 50 ലക്ഷം മുതല്‍ 1 കോടി വരെ – 10 ശതമാനം. ഒരു കോടി മുതല്‍ രണ്ടു കോടി വരെ – 15 ശതമാനം. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ – 25 ശതമാനം, അഞ്ചു കോടിക്കു മുകളില്‍ 37 ശതമാനം.)
നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് (നികുതിക്കും സര്‍ചാര്‍ജിനും)- 17,75,520 എന്നിവ ചേര്‍ത്ത് 4,61,63,520 രൂപ ഇടാക്കും.
ഇങ്ങനെ എല്ലാ നികുതിയും കിഴിച്ച് സമ്മാനാര്‍ഹനു ലഭിക്കുക 6,18,36,480 രൂപ.
1967 ല്‍ കേരളത്തിലാണ് രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. സാധാരണക്കാരനു സ്ഥിരവരുമാനവും സംസ്ഥാനത്തിനു നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസും എന്ന ഉദ്ദേശ്യത്തിലാണു കേരളത്തില്‍ ലോട്ടറി തുടങ്ങിയത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. കേരള ലോട്ടറി ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല. 1967 ല്‍ 20 ലക്ഷം വരുമാനവും 14 ലക്ഷം ലാഭവുമുണ്ടായിരുന്നതു 2017ല്‍ 7394 കോടി രൂപ വരുമാനവും 1691 കോടി ലാഭവുമായി വര്‍ധിച്ചതായാണു ലോട്ടറി വകുപ്പില്‍നിന്നു ലഭിക്കുന്ന വിവരം.
തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികള്‍, വാര്‍ഷിക ബംപര്‍ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂര്‍ണമാകുന്നത്.
52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തില്നിന്നു 12 കോടിയിലേക്ക് വളര്‍ന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടിയായി ഉയർത്തിയത്.
സെപ്റ്റംബർ 20ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സ്ഥിരം നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ ഗോർഖി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് ഫലം സെപ്റ്റംബർ 20 ന് keralalotteries.com എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
12 കോടിയാണ് തിരുവോണം ബബറിന് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.
തിരുവോണം ബബറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞവർഷം വിറ്റഴിഞ്ഞത്. 2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബബറിന്റെ റെക്കോർഡ് വില്പന.