തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ തന്റെ നാക്ക് പിഴവിന്റെ കാരണം വെളിപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് നാക്ക് പിഴക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നുവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ നടന്നത് മനുഷ്യത്വ രഹിതമായ വിമര്‍ശനമാണെന്നും സഭാ രേഖകളില്‍ നിന്ന് അത് നീക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. അന്ന് സഭയില്‍ മറ്റൊരാള്‍ക്ക് കൂടി നാക്ക് പിഴച്ചിരുന്നു. അതിനെ കുറിച്ച് പറയാന്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ധൈര്യമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ വിമര്‍ശിച്ചു.

കഴിഞ്ഞയാഴ്ച്ച പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിക്കല്‍ വിവാദം കത്തി നില്‍ക്കവെ അടിയന്തരപ്രമേയാനുമതി തേടിയ പ്രതിപക്ഷത്തിന് മറുപടി നൽകവേ മുഖ്യമന്ത്രിയിൽ നിന്നായിരുന്നു ആദ്യത്തെ നാക്കുപിഴ. മൂന്നാറിലെ കുരിശ് പൊളിക്കൽ വിവാദം നടന്ന പാപ്പാത്തിച്ചോലയുടെ പേരാണ് മുഖ്യമന്ത്രി തെറ്റിച്ചത്. ‘ചപ്പാത്തിച്ചോലയിൽ വർഷങ്ങൾക്ക് മുമ്പ് ‘ എന്ന് പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രിയെ പ്രതിപക്ഷം പാപ്പാത്തിച്ചോല എന്ന് തിരുത്തി.

അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി തേടി സംസാരിക്കവെയാണ് പെമ്പിളൈ ഒരുമൈ എന്ന വാക്ക് കിട്ടാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ തപ്പിത്തടഞ്ഞത്. പെൺമക്ക, പെൺകൾ… എന്നിങ്ങനെ സെക്കൻഡുകളോളം തിരുവഞ്ചൂർ വാക്ക് കിട്ടാതെ അലഞ്ഞു. ഒടുവിൽ ‘പെമ്പിളൈ എരുമെ’ എന്ന് പറഞ്ഞിട്ടാണ് പെമ്പിളൈ ഒരുമൈ എന്ന് തിരുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.