തിരുവനന്തപുരം: നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡുകളാണെന്ന് ആരോപിച്ചായിരുന്നു എംഎല്‍എ ഗ്രനേഡുമായി സഭയിലെത്തിയത്. ഇതേ തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കാലാവധി കഴിഞ്ഞ ഗ്രനേഡാണ് പ്രയോഗിച്ചത് എന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുന്ന ആര്‍ക്കും ഇത്തരത്തിലുള്ള ഗ്രനേഡ് കിട്ടുമെന്നും ഇത് തെളിയിക്കാനാണ് താന്‍ ഗ്രനേഡുമായി സഭയിലെത്തിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

നാടകീയ സംഭവങ്ങളായിരുന്നു തുടര്‍ന്ന് സഭയില്‍ അരങ്ങേറിയത്. സഭയില്‍ മാരകായുധം കൊണ്ടു വന്നത് ചട്ട വിരുദ്ധമാണെന്ന് ഭരണപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഗ്രനേഡ് കസ്റ്റഡിയിലെടുക്കാന്‍ മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് നിര്‍മ്മാണ തീയതി അടക്കം രേഖപ്പെടുത്തിയ രസീത് സഹിതം ഗ്രനേഡ് മേശപ്പുറത്ത് വയ്ക്കാമെന്ന് തിരുവഞ്ചൂര്‍ അറിയിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പീക്കര്‍ സംഭവം പരിശോധിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സഭ ശാന്തമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook