scorecardresearch
Latest News

തിരഞ്ഞെടുപ്പിന് മുമ്പ് പ്രളയവും വരൾച്ചയും വരാനുണ്ടെന്ന് തിരുവഞ്ചൂർ; ട്രോളി സോഷ്യൽ മീഡിയ

മൺസൂൺ കാലത്തെ പ്രളയത്തിലായിരുന്നു തിരുവഞ്ചൂർ പ്രതീക്ഷ പ്രകടിപ്പിച്ചതെങ്കിൽ സോഷ്യൽ മീഡിയയിലെ ട്രോൾ പ്രളയമായിരുന്നു പിന്നീട് അദ്ദേഹത്തെ എതിരേറ്റത്

Thiruvanchoor Radhakrishnan

കേരളത്തിൽ വീണ്ടും പ്രളയവും വരൾച്ചയും വരുമെന്നും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാവുമെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിൽ എഷ്യാനെറ്റ് സീ ഫോർ സർവേ ഫലം സംബന്ധിച്ച ചർച്ചയിലാണ് തിരുവഞ്ചൂരിന്റെ പരാമർശം.

സംസ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മേൽക്കൈ നേടുമെന്നും കോവിഡ് പ്രതിരോധ നടപടികൾ അടക്കമുള്ള കാര്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും സർവേയിൽ പറയുന്നു. അതിനെ എതിർത്തുകൊണ്ടാണ് ഓഗസ്റ്റിൽ പ്രളയവും പിന്നീട് വരൾച്ചയുമെല്ലാം വരുമെന്നും തിരുവഞ്ചൂർ മറുപടി നൽകിയത്.

Read More: അടുത്ത മുഖ്യമന്ത്രി ആരാകണം, പിന്തുണ കൂടുതല്‍ ആര്‍ക്ക്? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ഫലം അറിയാം

“പതിനൊന്നു മാസം കൂടിക്കഴിഞ്ഞ് അപ്പുറത്തേക്ക് വാ, ആ പതിനൊന്നു മാസത്തിനുള്ളിൽ ഇനി എന്തെല്ലാം വരാൻ പോകുന്നു. ഈ മൺസൂൺ കാലത്ത് ഒരു പ്രളയം വരും. അതിനു ശേഷം സാമ്പത്തികപ്രശ്നം.’ എന്നിവ വരുമെന്നും ഇത് പിണറായി സർക്കാരിനുള്ള പിന്തുണ കുറയാൻ കാരണമാവുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഇതിനിടെ വാർത്താ അവതാരകർ അടക്കം പരാമർശത്തിലെ പ്രശ്നം ചൂണ്ടിക്കാണിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ തിരുവഞ്ചൂർ മുന്നോട്ട് പോവുകയായിരുന്നു. അത് കുറച്ച് കടുപ്പമായിപ്പോയെന്നും പ്രളയം വരരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നുമായിരുന്നു വാർത്താ അവതാരകൾ പറഞ്ഞത്.

തിരുവഞ്ചൂരിന്റെ പരാമർശത്തെത്തുടർന്ന് നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.

 

കൊവിഡിന് പാരാസെറ്റാമോള്‍ ആണോ കൊടുക്കേണ്ടതെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയെക്കുറിച്ചും നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. വെള്ളിയാഴ്ച ഏഷ്യാനെറ്റ് സി ഫോർ സർവേയുടെ ആദ്യ ഫലം ചർച്ച ചെയ്യുമ്പോഴായിരുന്നു മുൻ മന്ത്രിയുടെ പരാമർശം. മരുന്നില്ലെങ്കില്‍ അക്കാര്യം സമ്മതിക്കണമെന്നും അല്ലാതെ പാരാസെറ്റാമോള്‍ ആണോ കൊടുക്കേണ്ടതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

Read More: പിണറായിക്കും ശെെലജയ്‌ക്കും ഗുഡ് സർട്ടിഫിക്കറ്റ്, ചെന്നിത്തലയ്‌ക്കും മുല്ലപ്പള്ളിക്കും തിരിച്ചടി; ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം അറിയാം

“കേരളത്തില്‍ കൊവിഡ് ഭേദമായി വന്നവര്‍ക്കൊക്കെ കൊടുത്തത് പാരസെറ്റാമോള്‍ ആണെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരം. പാരസെറ്റാമോള്‍ ആണാ അതിന് മറുമരുന്ന്? മരുന്നില്ലെങ്കില്‍ മരുന്നില്ലെന്ന് സമ്മതിച്ചാല്‍പ്പോരെ,” എന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമർശം. താപനില കൂടിയാല്‍ മറ്റെന്ത് മരുന്നാണ് കൊടുക്കുക എന്ന് അവതാരകന്‍ തിരുവഞ്ചൂരിനോട് ചോദിച്ചപ്പോല്‍ അത് പനിക്കുള്ളതാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. കൊവിഡ് രോഗികള്‍ക്ക്, പരിചരണമല്ലാതെ മറ്റെന്തെങ്കിലും ആശുപത്രി കൊടുത്തിട്ടുണ്ടോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

തെരഞ്ഞെടുപ്പിന് പത്ത് മാസം മാത്രം അവശേഷിക്കെ നിലവിലെ സാഹചര്യത്തില്‍ അടുത്ത സർക്കാരിനായി കേരളം ആരെ പിന്തുണക്കുമെന്നായിരുന്നു ഏഷ്യാനെറ്റ് സര്‍വേ. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ എന്നിവര്‍ക്കിടയില്‍ ഇടത് മുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്ന് സര്‍വേ ഫലത്തിൽ പറയുന്നു.

എന്നാൽ യുവാക്കളെല്ലാം കോൺഗ്രസിനൊപ്പം വരുമെന്നാണ് ഈ സർവേഫലത്തെക്കുറിച്ച് തിരുവഞ്ചൂർ മറുപടി പറഞ്ഞത്. മൊബൈലിന്റെ കളിവെച്ച് പിടിക്കാന്‍ പറ്റുന്ന ചെറുപ്പക്കാരെ തല്‍ക്കാലത്തോക്കൊന്ന് പിടിച്ചുനിര്‍ത്താന്‍ പറ്റുമെന്നും എന്നാല്‍ പക്വത വന്നാല്‍ സാഹചര്യം മാറുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ചിത്രങ്ങൾക്ക് കടപ്പാട്:  വിവിധ ഫെയ്സ്ബുക്ക് പേജുകൾ

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvanchoor radhakrishnan response on survey result trolls