കോട്ടയം: സിപിഐയെ പരസ്യമായി യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സിപിഐയ്ക്ക് യുഡിഎഫിലേക്കുള്ള വാതിൽ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. സിപിഐയും കോൺഗ്രസും ഒന്നിച്ചു നിന്നപ്പോഴായിരുന്നു കേരളത്തിന്റെ സുവർണ കാലഘട്ടം. ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനത്തിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ ഈ പ്രസ്താവന. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെയും മുൻ മുഖ്യമന്ത്രി സി. അച്യുതമേനോനെയും പരിപാടിയിൽ തിരുവഞ്ചൂര്‍ പുകഴ്ത്തി. അച്യുതമേനോന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നു. കേരളത്തിന്റെ സുവർണ കാലഘട്ടം അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
റവന്യു മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പൂർണ യോജിപ്പാണുള്ളതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഭൂമി വിഷയത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് മുന്നേറ്റമുണ്ടാകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.