/indian-express-malayalam/media/media_files/uploads/2018/08/murder.jpg)
തിരുവനന്തപുരം: വിതുരയിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. മേമല പട്ടൻകുളിച്ചപാറ വേമ്പുര തട്ടത്തരികത്ത് വീട്ടിൽ താജുദ്ദീന്റെ വീട്ടിൽ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ ആര്യനാട് മീനാങ്കൽ തണ്ണിക്കുളത്ത് മാധവൻ (50 വയസ്) ആണ് കൊല്ലപ്പെട്ടത്. താജുദ്ദീനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്.
താജുദ്ദീന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിൽ കുഴിയെടുത്ത് മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു മൃതദേഹം. മണ്ണ് പൂശിയ തറയിലെ നിറ വ്യത്യാസമാണ് കിടപ്പുമുറിയിൽ കുഴിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.
Read Also: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നു; തെക്കൻ കേരളത്തിൽ മഴ കനക്കും
പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളിൽ നിന്നു ഇന്നലെ ഉച്ചയോടെ ദുർഗന്ധം ഉയർന്നു. തൊട്ടടുത്ത വീട്ടിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ദുർഗന്ധം ശ്രദ്ധിച്ചത്. ഇതേ തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. താജുദ്ദീന് ചാരായം വാറ്റും പന്നിയെ പിടിക്കലും ഉള്ളതിനാൽ പന്നി ചത്തു കിടക്കുകയാണെന്നും അതുകൊണ്ടായിരിക്കും ഇത്ര ദുർഗന്ധമെന്നും തൊഴിലാളികൾ വിചാരിച്ചു. ഇതേ തുടർന്നാണ് ഇവർ പൊലീസിനെ വിവരമിറിയിച്ചത്. പൊലീസെത്തി വീട് പരിശോധിച്ചപ്പോൾ ചാണകം മെഴുകിയ തറ പൊളിച്ച് കുഴിയെടുത്തതായി കാണുന്നത്. ഇത് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസെത്തി പരിശോധിച്ചപ്പോൾ വീട്ടിലെ വാതിൽ പടിയിൽ രക്തക്കറ കണ്ടു. വീടിനകത്തു വാറ്റുപകരണങ്ങളും മനുഷ്യ വിസർജ്യവും മുടിയും പൊലീസ് കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ മണ്ണിളകി കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അവിടെ കിളച്ചുനോക്കി. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.
മൂന്ന് ദിവസം മുൻപ് കൊലപാതകം നടന്നതായാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട മാധവനെ നാല് ദിവസം മുൻപ് വീട്ടിൽനിന്ന് കാണാതായിരുന്നു. ഇടയ്ക്കിടെ വീട്ടിൽനിന്ന് പോകുന്നത് പതിവായതിനാൽ മാധവന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. അഞ്ച് ദിവസം മുൻപ് താജുദ്ദീനൊപ്പം മാധവൻ ഈ വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വഴക്കായതായാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.