/indian-express-malayalam/media/media_files/uploads/2019/07/university-college-n7-806726.jpg)
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ പശ്ചാത്തലത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. സംഘർഷത്തിൽ പ്രതികളായ ആറ് പേരെ എസ്എഫ്ഐ അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
നിരന്തരമായി യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായി. ഇതേതുടർന്നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അക്രമങ്ങൾ ദൗര്‍ഭാഗ്യകരമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അക്രമം ഒരു കാരണവശാലും ഒരു ക്യാമ്പസിലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്നും കുറ്റക്കാരായ ആരെയും സംരക്ഷിക്കേണ്ടതില്ലെന്നുമാണ് എസ്എഫ്ഐയുടെ തീരുമാനം എന്ന് സംസ്ഥാന നേതാക്കൾ വിശദീകരിച്ചു.
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ട എ.എൻ നസീം, ശിവരഞ്ജിത്ത്, മുഹമ്മദ് ഇബ്രാഹിം, അദ്വൈത് മണികണ്ഠൻ, അമർ, ആരോമൽ എന്നിവരെയാണ് എസ്എഫ്ഐ അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഇവരെ തിരഞ്ഞെടുക്കപ്പെട്ട എല്ല ഘടകങ്ങളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് എഫ്ഐആർ റിപ്പോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദേശം പ്രവർത്തകനായ അഖിൽ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കൊലവിളിയോടെയാണ് അഖിലിനെ കുത്തിയതെന്നും എഫ്ഐആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.