തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തി. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും ആരോപിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. സഹിൻ പരുക്കകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also: രാഷ്ട്രീയ മൂല്യത്തകർച്ചയും അസംബന്ധങ്ങളുടെ സാമൂഹ്യവ്യാപനവും
രണ്ട് മാസം മുൻപ് കോൺഗ്രസ്–സിപിഎം ഏറ്റുമുട്ടൽ നടന്ന സ്ഥലമാണ് തേമ്പാമൂട്. ഹക്കിനേ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോളാണ് ആക്രണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹഖ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറൽ എസ്‌പി ബി.അശോകൻ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. രണ്ടു മാസങ്ങൾക്കു മുമ്പ് ഡിവെെഎഫ്‌ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
Read Also: സ്വർണക്കടത്ത്: സ്വപ്നയുടെ മൊഴി ചോർന്നു, കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റി
കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബുള്ളറ്റ് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മരുതുംമൂട് സ്വദേശി നജീബ് ആണ് പിടിയിലായ മൂന്ന് പേരിൽ ഒരാൾ. അഞ്ച് പേർ കൃത്യത്തിൽ പങ്കെടുത്തതായാണ് പൊലീസ് നിഗമനം. കൊലപാതകികൾ വന്ന KL 21, K 4201 എന്ന ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ഡിവെെഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ.റഹിം ആരോപിച്ചു. സജീവ് എന്ന കോൺഗ്രസുകാരന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നും റഹിം പറഞ്ഞു.