/indian-express-malayalam/media/media_files/uploads/2018/10/kadakampally-1.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഇല്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇരുപതോളം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്.
ഡോക്‌ടർമാരടക്കം 18 ആരോഗ്യപ്രവർത്തകർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് ഡോക്‌ടർമാർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 150 ലേറെ ജീവനക്കാർ ഇതിനോടകം കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. നാൽപ്പത് ഡോക്‌ടർമാർ ക്വാറന്റെെനിലാണ്.
ആശുപത്രിയിലെ സേവനങ്ങൾ താളംതെറ്റുന്ന വിധത്തിലാണ് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം. സ്ഥിതി അതീവ ഗുരുതരമാണ് എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയിൽ സന്ദർശകർക്ക് വിലക്കുണ്ട്. അനാവശ്യമായി രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കില്ല. ആറു ദിവസത്തിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 18 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്.
സർജറി, ഓർത്തോ, സൂപ്പർ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് രോഗികൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗബാധയെ കുറിച്ച് സർക്കാർ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.
തലസ്ഥാനത്തെ തീരമേഖലകളിൽ സമ്പൂർണ നിയന്ത്രണം
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇന്നലെ മുതൽ നിലവിൽ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല.
ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും, എന്നാൽ ഈ പ്രദേശങ്ങളിൽ വാഹനം നിർത്താനാേ ആളുകൾ പുറത്തിറങ്ങാനോ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. തിരുവനന്തപുരത്ത് ഇന്നലെ 152 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us