തദ്ദേശങ്ങളിൽ ഇനി ഇവർ നായകർ; തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ

നാമനിർദേശം ചെയ്ത സ്ഥാനാർഥി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും

Thiruvanathapuram Kochi Mayor Election, തിരുവനന്തപുരം കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പ്, Kochi Thiruvanathapuram Kannur Mayor, തിരുവനന്തപുരം കൊച്ചി കണ്ണൂർ മേയർ തിരഞ്ഞെടുപ്പ്, Municipal Chairman Election, മേയർ തിരഞ്ഞെടുപ്പ്, Municipal Chairperson ELection, മേയർ മുൻസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പ്, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഇനി പുതു നായകർ. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മിലെ ആര്യ രാജേന്ദ്രനെയും കൊല്ലത്ത് പ്രസന്ന ഏണസ്റ്റിനെയും കൊച്ചയിൽ അഡ്വ എം അനില്‍ കുമാറിനെയും മേയർമാരായി തിരഞ്ഞെടുത്തു. മുൻസിപ്പൽ കൗൺസിൽ ചെയർമാൻമാരുടെ തിരഞ്ഞെടുപ്പും പൂർത്തിയായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ, മുൻസിപ്പൽ കൗൺസിൽ  വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കും.

54 വോട്ട് നേടിയാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിഎയിലെ സിമി ജ്യോതിഷിനു മുപ്പത്തി അഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒൻപതും വോട്ട് ലഭിച്ചു. 99 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഒരു വോട്ട് അസാധുവായി. ക്വാറന്റീനിലായതിനാൽ ഒരംഗം വോട്ട് ചെയ്യാൻ എത്തിയില്ല.

കൊല്ലത്ത് രണ്ടാം തവണയാണ് പ്രസന്ന ഏണസ്റ്റ് മേയറാകുന്നത്. 55 അംഗ കൗൺസിലിൽ പ്രസന്നയ്ക്ക് 39 വോട്ട് ലഭിച്ചു. യുഡിഎഫിന് ഒൻപതും ബിജെപിക്ക് അഞ്ചും വോട്ട് ലഭിച്ചു. ബിജെപിക്ക് ആറ് അംഗങ്ങളാണുള്ളതെങ്കിലും ഒരു വോട്ട് അസാധുവായി. എസ്‌ഡിപിഐ അംഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.

കൊച്ചിയില്‍ എൽഡിഎഫിലെ അഡ്വ എം അനില്‍ കുമാര്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 75 അംഗ കൗണ്‍സിലില്‍ അനിൽ കുമാറിനു 36 വോട്ട് ലഭിച്ചു. യുഡിഎഫിന് മുപ്പത്തി രണ്ടും എൻഡിഎയ്ക്ക് അഞ്ചും വോട്ട് ലഭിച്ചു. ആരെയും പിന്തുണയ്ക്കില്ലെന്നാണ് മറ്റു രണ്ട് സ്വതന്ത്രരുടെ നിലപാട്.

തൃശൂരിൽ കോൺഗ്രസ് വിമതൻ എം കെ വര്‍ഗീസ് എൽഡിഎഫ് പിന്തുണയോടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വര്‍ഗീസിനു 25 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഗോപകുമാറിനു 23 വോട്ടും ലഭിച്ചു.

കോഴിക്കോട്ട് സിപിഎമ്മിലെ ഡോ. ബീന ഫിലിപ്പ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂരിൽ കോൺഗ്രസിലെ അഡ്വ. ടി ഒ മോഹനൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. മോഹനന് 33 വോട്ടും എതിർസ്ഥാനാർഥി എൽഡിഎഫിലെ എൻ സുകന്യക്ക് 19 വോട്ടും ലഭിച്ചു.  55 അംഗ കൗൺസിലിൽ യുഡിഎഫിനു 34 സീറ്റുകളാണുള്ളത്. ഒരു വോട്ട് അസാധുവായി. വൈകിയെത്തിയതിനാൽ ഒരാൾക്ക് വോട്ട് ചെയ്യാനായില്ല. അതേസമയം, വിമതന്റെ വോട്ട് യുഡിഎഫിനു ലഭിച്ചു. ഒരു അംഗമുള്ള ബിജെപി വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.

കോണ്‍ഗ്രസ് വിമതരുടെ പിന്തുണയില്‍ പത്തനംതിട്ട നഗരസഭയിലെ ഭരണം എല്‍ഡിഎഫ് നേടി. വോട്ടെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുള്‍പ്പെടെ 16 വോട്ടുകള്‍ എല്‍ഡിഎഫിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ടി.സക്കീര്‍ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.

എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂര്‍, കോട്ടയം നഗരസഭകളില്‍ ഭരണം യു.ഡി.എഫിന് ലഭിച്ചു. മൂന്നു നഗരസഭകളിലും നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്.

കളമശ്ശേരി നഗരസഭയില്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. 42 അംഗ കൗൺസിലിൽ 20 അംഗങ്ങളുടെ വീതം പിന്തുണയാണ് ഇരു മുന്നണികൾക്കുമുണ്ടായിരുന്നത്.  ഇതോടെയാണു നറുക്കെടുപ്പ് വേണ്ടിവന്നത്.

പരവൂരില്‍ പി. ശ്രീജയാണ് ചെയര്‍പേഴ്‌സണ്‍. ഇവിടെ ഇരു മുന്നണികൾക്കും 14 അംഗങ്ങൾ വീതമാണുള്ളത്. ഇവിടെ ബിജെപിക്ക് നാല് അംഗങ്ങളുണ്ട്. കോട്ടയം നഗരസഭയില്‍ ബിന്‍സി സെബാസ്റ്റ്യനെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.

പന്തളം നഗരസഭയിൽ ബി.ജെ.പി.യുടെ സുശീല സന്തോഷിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തർക്കം നിലനിന്നിരുന്ന പന്തളത്ത് പാർട്ടി നേതൃത്വമാണ് സുശീല സന്തോഷിന്റെ പേര് നിർദേശിച്ചത്.

അതേസമയം, പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി. ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബിജെപിക്ക് പകരം സിപിഎമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുക്കുകയായിരുന്നു. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ ആവശ്യപ്രകാരം ഈ വോട്ട് വരണാധികാരി അസാധുവാക്കി.

പി.ജെ.ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ യുഡിഎഫിന് വൻ തിരിച്ചടി. നഗരസഭ ഭരണം ഇടത് മുന്നണി പിടിച്ചെടുത്തു. യുഡിഎഫ് വിമതൻ സനീഷ് ജോർജ് ചെയർമാനാകും. യുഡിഎഫ് സ്വതന്ത്ര ജെസി ജോണി എൽഡിഎഫിന് വോട്ട് ചെയ്തു. 35 അംഗ നഗരസഭയിൽ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 സീറ്റിൽ എൽഡിഎഫും, എട്ട് സീറ്റ് ബിജെപിയുമാണ് ജയിച്ചത്. രണ്ട് വിമതരും. ഇതിൽ നിസ സക്കീർ എന്ന വിമത സ്ഥാനാർഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോർജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിന്റെ വോട്ട് കൂടി കിട്ടിയതോടെ എൽഡിഎഫിന് 14 സീറ്റും യുഡിഎഫിന് 13 സീറ്റുമായി.

കോഴിക്കോട് ജില്ലയിലെ നാലിടങ്ങളിൽ യുഡിഎഫും മൂന്നിടങ്ങളിൽ എൽഡിഎഫും ഭരണം നേടി. രാമനാട്ടുകയിൽ ബുഷറ റഫീഖ്, ഫറോക്കിൽ എൻ.സി.അബ്ദുൽ റസാഖ് (യുഡിഎഫ്), കൊടുവള്ളിയിൽ വി.അബ്ദു, പയ്യോളി ഷഫീഖ് വടക്കയിൽ (നാലു പേരും യുഡിഎഫ്), മുക്കത്ത് പി.ടി.ബാബു, കൊയിലാണ്ടിയിൽ സുധ കിഴക്കേപ്പാട്, വടകരയിൽ കെ.പി.ബിന്ദു (മൂവരും എൽഡിഎഫ്) എന്നിവർ ചെയർപേഴ്സൺമാരായി തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പൺ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക.

നാമനിർദേശം ചെയ്ത സ്ഥാനാർഥി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. രണ്ടു സ്ഥാനാർഥികളാണെങ്കിൽ കൂടുതൽ സാധുവായ വോട്ട് കിട്ടുന്നയാൾ തിരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും.

Read Also: കർഷക പ്രതിഷേധം: അഭിഭാഷകൻ ജീവനൊടുക്കി, സമരത്തെ തള്ളി വീണ്ടും കേന്ദ്രം

രണ്ടിലധികം സ്ഥാനാർഥികൾ മത്സരിക്കാനുണ്ടായാൽ ഒരു സ്ഥാനാർഥിക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചാൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കും. മറ്റു സ്ഥാനാർഥികളുടെ മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കി ശേഷിക്കുന്ന സ്ഥാനാർഥികളെവച്ചു വീണ്ടും വോട്ടെടുപ്പ് നടത്തും. അങ്ങനെ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. കൗൺസിൽ ഹാളിൽ സാമൂഹിക അകലം, സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധമാണ്.

എറണാകുളം ജില്ലയിലെ 13 മുൻസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, കൊച്ചി കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുക. കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ജില്ലാ കലക്ടർ ആണ് വരണാധികാരി. മുൻസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പിനായി വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തൃശൂർ ജില്ലയിലെ ഏഴ് മുൻസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, തൃശൂർ കോർപറേഷനിലെ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് 30ന്

ജില്ലയില ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 30നു നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാകും നടക്കുക. അതത് തദ്ദേശ സ്ഥാപന വരണാധികാരികളാകും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കു നേതൃത്വം നൽകുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvanathapuram kochi thrissur kannur kozhikkode kollam mayor municipal chairman election

Next Story
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4905 പേർക്ക്; രോഗമുക്തി നേടിയത് 3463 പേർcovid test price in kerala, expense for covid test, covid 19, corona, rate for covid test, കോവിഡ് ടെസ്റ്റ്, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com