scorecardresearch

മുരളീധരൻ സംശയനിഴലിൽ, തെളിവുകളുള്ളവർ പുറത്തുവിടട്ടെ; വെല്ലുവിളിച്ച് കോടിയേരി

പലര്‍ക്കുമെതിരെ വിരല്‍ ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

പലര്‍ക്കുമെതിരെ വിരല്‍ ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

author-image
WebDesk
New Update
Kodiyeri Balakrishnan and V Muraleedharan Gold Smuggling Case

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോൾ ശക്തമായ പ്രതിരോധം തീർത്ത് സിപിഎം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെളിവുകൾ കയ്യിലുണ്ടെന്ന് പറയുന്നവർ അതെല്ലാം അന്വേഷണസംഘത്തിനു നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നടത്തിയ പരാമർശത്തിനെതിരെയും കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. സ്വർണക്കടത്തിനു ഉപയോഗിച്ചത് നയതന്ത്ര ബാഗ് അല്ലെന്ന വി.മുരളീധരന്റെ പരാമർശത്തെയാണ് കോടിയേരിയുടെ പ്രസ്‌താവനയിൽ ചോദ്യം ചെയ്‌തിരിക്കുന്നത്.

Advertisment

Read Also: Kerala Weather: ജൂലൈ 13 മുതൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടും

കോടിയേരിയുടെ പ്രസ്‌താവന

സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കെ വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് ദുരന്തകാലത്തുപോലും നാടിനെയും നാട്ടുകാരെയും കുരുതികൊടുത്തുകൊണ്ട് ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന ബിജെപി-യുഡിഎഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.

സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേസില്‍ ഏതന്വേഷണവും ആകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയാണ് അടിവരയിടുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഗുണഭോക്താക്കളെയും അവരുടെ രക്ഷിതാക്കളെയും ഇതിലൂടെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. മറ്റു കള്ളക്കടത്ത് കേസുകളുടെ ഗതി ഈ കേസിനുണ്ടാകരുത്. എന്നു മാത്രമല്ല, മറ്റു കേസുകളുടെ പിന്നാമ്പുറങ്ങളിലേക്കുകൂടി ഇതിലൂടെ കടക്കാനാകണം.

ഈ സ്വര്‍ണ്ണക്കടത്ത് പുറത്തുവന്നയുടന്‍ പലര്‍ക്കുമെതിരെ വിരല്‍ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണം. യുഎപിഎയിലെ 43 എഫ് അതിന് അവസരം നല്‍കുന്നു. കസ്റ്റംസ് അന്വേഷിക്കുമ്പോഴും സമാന അവസരം ഉണ്ടായിരുന്നു. അന്ന് അവര്‍ അത് ചെയ്തില്ല, ഇനിയെങ്കിലും അതിന് തയ്യാറാകണം. കള്ളതെളിവുനല്‍കിയാല്‍ ശിക്ഷയുണ്ട്. ഇനിയും തെളിവുകള്‍ നല്‍കാന്‍ ഇക്കൂട്ടര്‍ തയ്യറായില്ലെങ്കില്‍ ഇവര്‍ ഇതുവരെ വിളിച്ചുപറഞ്ഞതൊക്കെ കള്ളമായിരുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. സ്വര്‍ണ്ണക്കടത്ത് കേസ് ഉണ്ടായതുമുതല്‍ വിവാദം വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിച്ചവര്‍ക്ക് മറയ്ക്കാന്‍ പലതുമുണ്ടെന്ന് തെളിയുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്.

Advertisment

Read Also: ശിവശങ്കറിന്റെ ഫ്ലാറ്റിലെ സന്ദർശക രജിസ്റ്റർ കസ്റ്റഡിയിലെടുത്തു; അന്വേഷണം ഊര്‍ജിതം

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ ഇടപെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകനായ ഒരു ക്ലിയറിങ് ഏജന്റാണ് എന്നത് നിസാരമല്ല. ബാഗ് തടഞ്ഞുവച്ചാല്‍ പണിപോകും എന്ന് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ല എന്ന് കണ്ടപ്പോള്‍ ബാഗ് തിരിച്ചയക്കാനും സമ്മര്‍ദം ചെലുത്തി.

ഇതിനുപിന്നാലെയാണ് സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവന വന്നത്. നയതന്ത്രബാഗ് ക്ലിയര്‍ ചെയ്യാന്‍ ഏജന്റിന്റെ ആവശ്യമില്ല എന്നിട്ടും ബിഎംഎസ് നേതാവായ ക്ലിയറിങ് ഏജന്റ് അതില്‍ ഇടപെട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരല്‍ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല.

ഇതിനുപിന്നാലെയാണ് സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന എന്‍ഐഎയുടെ പ്രസ്താവന പുറത്തുവരുന്നത്. അതോടെ മുരളീധരന്‍ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് ഉത്തമമായിരിക്കും.

ഇതോടൊപ്പം പുറത്തുവന്ന മറ്റൊരു കാര്യം കൂടിയുണ്ട്, കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്നേഹം പ്രസംഗിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങി പുറപ്പെട്ടത് ശ്രദ്ധേയമാണ്.

കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. കുറ്റവാളികളുടെ കൂട്ടുകാര്‍ തന്നെയാണ് കേരളത്തില്‍ സ്വര്‍ണ്ണക്കടത്തിനെച്ചൊല്ലി രാഷ്ട്രീയ കൂക്കിവിളിയിലും കലാപശ്രമത്തിലും ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടാണ്.

കേരളത്തെ കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ കൈമെയ് മറന്ന് അധ്വാനിക്കുകയും അതില്‍ സാര്‍വ്വദേശീയ മാതൃക സൃഷ്ടിച്ചു തിളങ്ങിനില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ജനങ്ങളെല്ലാം കാണുന്നുണ്ട് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പിണറായി വിജയന്‍ മന്ത്രിസഭയുടെയും കരുത്ത് ജനവിശ്വാസമാണ്. വിവാദങ്ങളെ തള്ളിക്കളഞ്ഞ് ജനപിന്തുണയോടെ പാർട്ടിയും മുന്നണിയും സര്‍ക്കാരും മുന്നോട്ടുപോകും.

Kodiyeri Balakrishnan Gold Cpm Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: