തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ ഉണ്ടാകരുതായിരുന്നു എന്ന് സിപിഐ. സർക്കാരിനെയും ഐടി വകുപ്പിനെയും പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് സിപിഐ. പാർട്ടി മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയലിലാണ് ഇങ്ങനെയൊരു വിമർശനം. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐടി വകുപ്പ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെ ഉടൻ തന്നെ പുറത്താക്കി. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് സ്വർണക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും പാർട്ടി മുഖ്യപത്രത്തിൽ പറയുന്നു. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണമെന്നും അതിനുവേണ്ടി സമഗ്രമായ അന്വേഷണം നടക്കണമെന്നും ജനയുഗത്തിൽ പറയുന്നു.

Read Also: ഒരേയൊരു ഗാംഗുലി; കൊൽക്കത്തയുടെ രാജകുമാരന് 48-ാം ജന്മദിനം

അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരയെന്ന് ആരോപിക്കപ്പെട്ട സ്വപ്‌ന സുരേഷിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. സ്വപ്‌ന തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് സൂചന. ഇവർക്കായി കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി. സ്വപ്‌ന കേരളം വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സ്വപ്‌ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വാർത്തകളുണ്ട്. കേസിൽ നേരത്തെ പിടിയിലായ സരിത്താണ് സ്വർണ്ണക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്‌നയാണെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ സ്വപ്‌നയുടെ ഫ്ലാറ്റിൽ രണ്ട് തവണ പൊലീസ് തെരച്ചിൽ നടത്തി. ശാന്തിഗിരി ആശ്രമത്തിലും സ്വപ്‌നയ്‌ക്കായി തെരച്ചിൽ നടത്തിയിരുന്നു. സ്വപ്‌ന തിരുവനന്തപുരം വിട്ടിട്ടില്ലെന്നാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന വിവരം.

സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സൂചന. സന്ദീപ് സ്വപ്‌നയുടെ ബിനാമിയാണോ എന്ന സംശയവുമുണ്ട്.

ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ ഓപ്പറേഷൻസ് മാനേജറായിരുന്നു സ്വപ്‌ന. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സ്വപ്‌ന മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ അറസ്റ്റ് മിനിഞ്ഞാന്നാണ് പൊലീസ് രേഖപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.