/indian-express-malayalam/media/media_files/uploads/2018/12/pk-firos.jpg)
കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയപോര് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്‌തമായി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്‌തു.
ഇന്ന് രാവിലെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയായിരുന്നു. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടിവന്നു. സംഘർഷത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനും പരുക്കേറ്റതായാണ് വിവരം.
Read Also: ഹരിരാജിനെ ചോദ്യം ചെയ്യും; സ്വപ്‌നയുടെ മുൻകൂർ ജാമ്യഹർജി ഇന്നു പരിഗണിക്കും
സംസ്ഥാനത്തൊട്ടാകെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഇരമ്പുകയാണ്. കണ്ണൂരിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്കും യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസ് ഏറെ കഷ്‌ടപ്പെടുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാണ് പലയിടത്തും പ്രതിഷേധ പരിപാടികൾ നടക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് യുവമോർച്ചയും പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ പലരും മാസ്‌ക് ധരിക്കാത്തതും വലിയ പ്രതിസന്ധിയാണ്.
അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അന്വേഷണം ആരംഭിച്ചതായി എൻഐഎ ഹെെക്കോടതിയെ അറിയിച്ചു. കേസ് എൻഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെയാണ് അറിയിച്ചത്. നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. സന്ദീപ് നായരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾക്കായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി സന്ദീപിന്റേതായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആറു മാസത്തിനിടെ ഏഴു തവണ സമാന രീതിയിൽ സ്വർണം കടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ റിമാൻഡിലുള്ള സരിത് കേസിൽ മൂന്നാം കണ്ണി മാത്രമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.