തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരയെന്ന് ആരോപിക്കപ്പെട്ട സ്വപ്‌ന സുരേഷ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. ഇവർക്കായി കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി. സ്വപ്‌ന കേരളം വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സ്വപ്‌ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വാർത്തകളുണ്ട്. കേസിൽ നേരത്തെ പിടിയിലായ സരിത്താണ് സ്വർണ്ണക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്‌നയാണെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ സ്വപ്‌നയുടെ ഫ്ലാറ്റിൽ രണ്ട് തവണ പൊലീസ് തെരച്ചിൽ നടത്തി. ശാന്തിഗിരി ആശ്രമത്തിലും സ്വപ്‌നയ്‌ക്കായി തെരച്ചിൽ നടത്തിയിരുന്നു. സ്വപ്‌ന തിരുവനന്തപുരം വിട്ടിട്ടില്ലെന്നാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന വിവരം.

സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയില്‍. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സൂചന. സന്ദീപ് സ്വപ്‌നയുടെ ബിനാമിയാണോ എന്ന സംശയവുമുണ്ട്.

ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ ഓപ്പറേഷൻസ് മാനേജറായിരുന്നു സ്വപ്‌ന. സ്വർണക്ക ടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സ്വപ്‌ന മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ അറസ്റ്റ് മിനിഞ്ഞാന്നാണ് പൊലീസ് രേഖപ്പെടുത്തിയത്.

Read Also: തിരുവനന്തപുരം സ്വര്‍ണക്കടത്ത്; യുഎഇ അന്വേഷണം തുടങ്ങി

കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് ഏതുതരത്തിലുള്ള സഹായവും സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. “ആരോപണങ്ങളുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല. ഇത്തരത്തിലുള്ള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുക്കില്ല. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസാണ് ക്രമക്കേട് കണ്ടെത്തേണ്ടത്. കസ്റ്റംസിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഏത് അന്വേഷണമായാലും സംസ്ഥാനസര്‍ക്കാരിനു പൂര്‍ണ സമ്മതമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കല്ല, യുഎഇ കോണ്‍സുലേറ്റിലേക്കാണു പാഴ്‌സല്‍ വന്നത് കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കിയാണ് പാര്‍സല്‍ വാങ്ങാനെത്തിയതെന്നാണ് അറിയുന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിന് എങ്ങനെ മറുപടി പറയാനാവും? സംസ്ഥാനസര്‍ക്കാരിന്റെ ഏതുറോളാണ് ഇവിടെ വരുന്നത്?” മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അധികൃതര്‍ അന്വേഷണം തുടങ്ങി. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.