തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് വിവാദത്തില്‍പ്പെട്ട മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. ശിവശങ്കരനെതിരായ വകുപ്പ് തല അന്വേഷണം തുടരും.
അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന വിലയിരുത്തലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ട് പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഖിലേന്ത്യാ സര്‍വീസിനു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുമായും സരിത്തുമായും ശിവശങ്കരനുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി പ്രതിപക്ഷം അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വരികയായിരുന്നു. ഭരണമുന്നണിയിലെ ഘടകക്ഷിയായ സിപിഐയും ഇതേ ആവശ്യം ഉയര്‍ത്തി.സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും വി എസ് സുനില്‍ കുമാറും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭിപ്രായം അറിയിച്ചിരുന്നു.
സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചു വെന്ന ആരോപണത്തില്‍ സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ കടത്തിന് തീവ്രവാദവുമായുള്ള ബന്ധവും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ അന്വേഷണത്തില്‍ സംസ്ഥാന പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും അത് അന്വേഷിക്കുന്നതിന് സിബിഐയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 14-ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
വിവാദ വനിതയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത് കൊണ്ടാണ് ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും തന്റെ പ്രെവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശിവശങ്കര്‍ വിഷയം മുഖ്യമന്ത്രി സിപിഎം നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു.
യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു
യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇയുടെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് അന്വേഷണം തുടരുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുള്ള റഷീദ് തിരുവനന്തപുരത്തുനിന്നു ഡല്‍ഹി വഴി രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കസ്റ്റംസ് തടഞ്ഞുവച്ച സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ അറ്റാഷെ പറഞ്ഞിട്ടാണ് താന്‍ ഉദ്യോഗസ്ഥരെ വിളിച്ചതെന്നും ബാഗ് കിട്ടാന്‍ വൈകിയപ്പോള്‍ അത് തിരിച്ചയക്കുന്നതിനുള്ള ഇ-മെയില്‍ റഷീദ് പറഞ്ഞത് പ്രകാരം അയച്ചുവെന്നും കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു.
സ്വർണക്കടത്തിൽ അറ്റാഷെയ്‌ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകൻ. നയതന്ത്ര ബാഗിൽ 25 കിലോ സ്വർണമുണ്ടായിരുന്നതായി സരിത്തിന് അറിയാമായിരുന്നതായി സരിത്തിന്റെ അഭിഭാഷകൻ കേസരി കൃഷ്‌ണൻനായർ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്വർണക്കടത്തിൽ അറ്റാഷെയ്‌ക്ക് പങ്കുണ്ടെന്ന് സരിത് പറഞ്ഞതായി കേസരി കൃഷ്‌ണൻനായർ പറയുന്നു. അറ്റാഷെ സ്വപ്‌നയെ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞിരുന്നതായും അഭിഭാഷകൻ വെളിപ്പെടുത്തി. സരിത്തിനും സ്വപ്‌നയ്‌ക്കും പുറമേ സ്വർണക്കടത്തിൽ വലിയ കണ്ണികളുണ്ടെന്നും അഭിഭാഷകൻ പറയുന്നു.
സരിത്തിനെയും സ്വപ്‌നയെയും മുന്നിൽനിർത്തി വൻ റാക്കറ്റുകൾ ഇതിനു പിന്നിലുണ്ടെന്നാണ് കേസരി കൃഷ്‌ണൻനായരുടെ വെളിപ്പെടുത്തൽ. ഒളിവിൽ പോകുന്നതിനു മുൻപ് സ്വപ്‌നയും കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും തന്നെ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ.
നയതന്ത്ര ബാഗേജിൽ സ്വർണമുണ്ടെന്ന് സരിത് തന്നോട് പറയുന്നത് നാലാം തിയതിയാണ്. ബാഗ് തുറന്നുപരിശോധിക്കുന്നതിനു മുൻപ് തന്നെ അതിൽ 25 കിലോയോളം സ്വർണമുണ്ടെന്ന് സരിത് പറഞ്ഞു. അന്ന് സരിത് വീട്ടിലേക്ക് വന്നപ്പോൾ സ്വപ്‌നയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. അഞ്ചാം തിയതി കസ്റ്റഡിയിലാകുന്നതിനു മുൻപും സരിത് വിളിച്ചിരുന്നു. നിയമോപദേശം തേടിയിരുന്നു. കീഴടങ്ങിയില്ലെങ്കിൽ അറ്റാഷെ, മാഡത്തെ (സ്വപ്‌ന) കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞിരുന്നതായും കേസരി കൃഷ്‌ണൻനായർ വെളിപ്പെടുത്തി.
ശിവശങ്കറിനെതിരെ അരുണ്‍
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടപടിയ്ക്ക് വിധേയനായ ഐടി ഉദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്. തന്നെ കുരുക്കി ശിവശങ്കറെ രക്ഷിക്കാനാണ് ശ്രമമെന്ന് അരുണ്‍ ആരോപിച്ചു. ഐടി വകുപ്പില്‍ വരുന്നതിനു മുന്‍പുതന്നെ ശിവശങ്കറിനു സ്വപ്നയുമായി ബന്ധമുണ്ടെന്നും അരുണ്‍ പറഞ്ഞു.
എന്‍ഐഎയ്ക്കും കസ്റ്റംസിനും നല്‍കിയ പരാതിയിലാണ് അരുണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറിന് മുറി ബുക്ക് ചെയ്തത്. ആര്‍ക്കുവേണ്ടിയാണെന്ന് പോലും അറിയില്ലായിരുന്നു. സുഹൃത്തിന്റെ കുടുംബത്തിനുവേണ്ടിയാണെന്നാണ് ശിവശങ്കര്‍ പറഞ്ഞത്.’ അരുണ്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നയുടെ ഭര്‍ത്താവിന് ഫ്‌ളാറ്റ് ബുക്ക് ചെയ്തു നല്‍കിയെന്ന ആരോപണമുയര്‍ന്നപ്പോഴാണ് അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്നു നീക്കിയത്.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. നേരത്തെ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്‌തതാണ്. മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ശിവശങ്കറിന്റെ ഫോൺ വിവരങ്ങൾ കൂടുതൽ വിദഗ്‌ധമായി അന്വേഷിക്കുന്നുണ്ട്.
സന്ദീപ് നായരുടെ ബാഗ് തുറന്ന് പരിശോധിച്ചു
സ്വർണക്കടത്ത് കേസിൽ പിടിയിലായ സന്ദീപ് നായരുടെ ബാഗ് തുറന്നു പരിശോധിച്ചു. എൻഐഎ കോടതിയുടെ അനുമതിപ്രകാരമാണ് പരിശോധന. ബാഗ് തുറന്നു പരിശോധിക്കാൻ കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. സ്‌പെഷ്യൽ ജഡ്‌ജിയുടെ സാന്നിധ്യത്തിലാണ് ബാഗ് പരിശോധിച്ചത്. ചില നിർണായക രേഖകൾ ബാഗിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം.
പണം നൽകിയവരുടെ വിശദാംശങ്ങളും സഹകരണ ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും ബാഗിൽ നിന്നു ലഭിച്ചു. സന്ദീപിന്റെ ഡയറിയും ലാപ്‌ടോപും ബാഗിൽ നിന്നു ലഭിച്ചു. എട്ട് ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളാണ് ബാഗിലുണ്ടായിരുന്നത്. ഇടപാടുകാരുടെ വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഡയറിയും ലാപ്‌ടോപും.
ജഡ്ജിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിശോധന രാത്രി 10.30 നാണ് അവസാനിച്ചത്. സന്ദീപിന്റെ ബാഗില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ 50ല്‍ അധികം ഡോളര്‍, ഒമാന്‍ റിയാല്‍, തിരുവന്തപുരം സഹകരണ സൊസൈറ്റിലെ 8 ലക്ഷം നിക്ഷേപിച്ച രേഖകള്‍ ലാപ്‌ടോപ്, ഡയറി എന്നിവയാണ് ഉണ്ടായിരുന്നത്. ഡയറിയില്‍ പണമിടപാട് വിവരങ്ങളും ഉണ്ട്.
സ്വർണക്കടത്തിനു പണം നൽകിയവരുടെ വിവരങ്ങളാണോ ബാഗിൽ നിന്ന് ലഭിച്ചതെന്ന് അറിവില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തും.
Read Also: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 കോവിഡ് ബാധിതർ
ഡയറിയിൽ നിന്നും കണ്ടെത്തിയ ആളുകളിൽ മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങളാണുള്ളത്. എന്നാൽ ഇവരുടെ പൂർണവിവരങ്ങൾ പുറത്ത് വിടാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. എന്നാൽ, ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായാണോ സ്വർണക്കടത്ത് എന്നു വ്യക്തമാക്കുന്ന തരത്തിൽ യാതൊരു തെളിവും സന്ദീപ് നായരുടെ ബാഗിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് എൻഐഎ പറയുന്നത്.
രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി
സ്വർണക്കടത്ത് കേസിൽ രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്‌തലവിയുമാണ് അറസ്റ്റിലായത്. വിമാനത്താവള സ്വർണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നത്.
പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്‌ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടിക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്‌നയ്‌ക്കും കമ്മീഷനായി നിശ്ചയിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
യുഎഇ കോൺസുലേറ്റിൽ നിന്ന് സ്വപ്‌നയ്‌ക്ക് വന്ന കോളുകൾ
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിൽ നിന്നെത്തിയ ഫോൺ കോളുകൾ വിശദമായി പരിശോധിക്കും. സ്വർണക്കടത്ത് പിടിച്ച ദിവസം കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് സ്വപ്‌നയുടെ ഫോണിലേക്ക് വിളി വന്നത്. ഇത് കൂടുതൽ അന്വേഷണത്തിനു വിധേയമാക്കും. കഴിഞ്ഞ ദിവസമാണ് സ്വപ്‌നയുടെയും മറ്റൊരു പ്രതിയായ സരിത്തിന്റെയും ഫോൺ രേഖകൾ പുറത്തുവരുന്നത്. ഇതിൽ ഇരുവർക്കും ഉന്നതരുമായുള്ള ബന്ധം കേസ് കൂടുതൽ ഗൗരവമുള്ളതാക്കുന്നു.
സ്വർണം കസ്റ്റംസ് പിടിച്ച ജൂലെെ അഞ്ചിന് മൂന്ന് തവണയാണ് കോൺസുൽ ജനറൽ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ 7999919191 എന്ന നമ്പറിൽ നിന്ന് സ്വപ്‌നയുടെ ഫോണിലേക്ക് വിളി വന്നിരിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ വാർത്ത പുറത്തുവരുന്നത് രാവിലെ 11.30 ഓടെയാണ്. 11.43നും 11.58നും 12.23 നും സ്വപ്‌നയുടെ ഫോണിലേക്ക് കോൺസുൽ ജനറലിന്റെ നമ്പറിൽ നിന്നു കോളുകൾ വന്നിട്ടുണ്ട്. ലഗേജ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ച പ്രകാരം താൻ കസ്റ്റംസിനെ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സ്വർണക്കടത്ത് പിടിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയും സ്വപ്‌നയുടെ നമ്പറിലേക്ക് വിളിച്ചതായി ഫോൺ രേഖകളിൽ നിന്നു വ്യക്തമാണ്.