തിരുവനന്തപുരം: തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഐഎ. സ്വര്‍ണക്കടത്തുകേസില്‍ പ്രതിയാക്കപ്പെട്ട പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മാത്രമല്ല അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമായപ്പോള്‍ ചില ആളുകള്‍ യുഎഇയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. സ്വര്ണക്കടത്തുകാര് യുഎഇ സുരക്ഷിതകേന്ദ്രമാക്കി മാറ്റുന്നുവെന്നും എൻഐഎ കോടതിയിൽ അറിയിച്ചു.
കേസിലെ പ്രതികൾക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നും കോടതിയിൽ എൻഐഎ ആവശ്യപ്പെട്ടു. വലിയ സ്വാധീനശേഷിയുളളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പിടിക്കപ്പെട്ടിരിക്കുന്നവര്. ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നും എൻഐഎ വാദിച്ചു.
അതേസമയം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധത്തെ കുറിച്ച് തെളിവ് ചോദിച്ച് എൻഐഎ കോടതി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിനു തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, കൃത്യമായ തെളിവുകൾ ഹാജരാക്കാൻ എൻഐഎ കോടതി ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ ഇന്നു വാദം നടക്കുന്നുണ്ട്. എൻഐഎ അന്വേഷണസംഘം നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും.
സ്വർണക്കടത്ത് കേസിൽ നാല് മാസത്തോളമായി അന്വേഷണം നടക്കുന്നു. എഫ്ഐആറിൽ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിനുള്ള തെളിവിലേക്ക് എത്താൻ അന്വേഷണസംഘത്തിനു ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തിൽ നിന്നു ലഭിച്ച പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്നതിലാണ് കോടതി തെളിവ് ആവശ്യപ്പെടുന്നത്.
Read Also: സ്വർണക്കടത്ത് കേസ്: കുറ്റസമ്മതം നടത്താമെന്ന് സന്ദീപ് നായർ
സ്വർണക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം എത്തിച്ചു എന്ന കുറ്റാരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് എൻഐഎയോട് ഇന്നലെ കോടതി ചോദിച്ചിരുന്നു. എൻഐഎ ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യം ഇന്ന് വിശദീകരിക്കാമെന്ന് എൻഐഎക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കോടതി നടപടികൾക്ക് ഏറെ പ്രാധാന്യമുണ്ട്.
അതേസമയം, സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻമാരായ ഫൈസൽ ഫരീദിനേയും റബിൻസ് ഹമീദിനേയും അറസ്റ്റ് ചെയ്തിരുന്നുവെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി യുഎഇ സന്ദർശിച്ച സംഘത്തെ ഇക്കാര്യം അറിയിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കാൻ സ്വർണക്കടത്ത് കാരണമായെന്ന് യുഎഇ വ്യക്തമാക്കിയതായും എൻഐഎ ബോധിപ്പിച്ചു.
കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ ചമച്ച് സ്വർണം കടത്തിയതിൽ സൂത്രധാരൻമാർക്കും പണം മുടക്കിയവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ നടപടിയുണ്ടാവുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ടെന്നും എൻഐഎ സത്യവാങ്മൂലത്തിൽ അറിയിച്ചു.
Read Also: ഹാഥ്റസ് ബലാത്സംഗം: സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് യോഗി ആദിത്യനാഥ്
ഫൈസൽ ഫരീദ്, റബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെ ഇന്റർപോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായും എൻഐഎ കോടതിയെ അറിയിച്ചു.
കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകർ മുഹമ്മദ് ഷാഫിയും കെ.ടി.റമീസുമാണെന്നും ഗൂഢാലോചന നടന്നത് ദുബായിൽ ആണെന്നും എൻഐഎ ബോധിപ്പിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇനിയും പലരും പിടിയിലാവുമെന്നും എൻഐഎ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.