കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പള്ളിത്തോട് സ്വദേശി കിരൺ മാർഷൽ. സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ സംസ്ഥാനം വിടാൻ സഹായിച്ചത് പള്ളിത്തോട് സ്വദേശി കിരൺ ആണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങളെ തള്ളി കിരൺ മാർഷൽ രംഗത്തെത്തിയത്.

“പ്രതികളെ ഒരു പരിചയവുമില്ല. പ്രതികളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. തങ്ങളുടേത് ഒരു ഇടതുപക്ഷ കുടുംബമാണ്. മുഖ്യമന്ത്രി പിണറായിയുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് ഇത്തരം വ്യാജവാർത്തകൾ. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളൊന്നും ഇതുവരെ സമീപിച്ചിട്ടില്ല,” കിരൺ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേര് അടിസ്ഥാനരഹിതമായി വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി നീട്ടി

സ്വപ്‌നയെ കേരളം വിടാൻ സഹായിച്ചത് പള്ളിത്തോട് സ്വദേശി കിരൺ ആണെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞത്. “പള്ളിത്തോട് സ്വദേശി കിരണാണ് ഇതിന് പിന്നിൽ. ബാഗുകൾ കൈമാറിയത് കിരണിന്റെ വീട്ടിൽവച്ചാണ്. കിരണിന്റെ വീട്ടിൽ ആർക്കൊക്കെ സ്വീകരണം ലഭിച്ചെന്ന് അന്വേഷിക്കണം. ഇയാൾക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്” യുഡിഎഫ് കൺവീനർ ആരോപിച്ചു.

അതേസമയം, സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുകയാണ്. പ്രതികൾ വ്യാജ സീൽ ഉണ്ടാക്കിയ കട അന്വേഷണസംഘം കണ്ടെത്തി. തെളിവെടുപ്പിനിടെ സരിത്താണ് വ്യാജ സീൽ നിർമിച്ച കട അന്വേഷണ ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുത്തത്. സ്‌റ്റ‌ാച്യു പരിസരത്തുള്ള കടയിൽ നിന്നാണ് വ്യാജ സീൽ നിർമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.