scorecardresearch
Latest News

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണർ

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനുപിന്നാലെ എം.ശിവശങ്കർ അവധിക്ക് അപേക്ഷ നൽകി

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികൾക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണർ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് പിടിച്ചയുടന്‍ കസ്റ്റംസിനെ തേടിയെത്തിയ ആദ്യ ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. രേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. എന്നാൽ സുരേന്ദ്രന്റെ ആരോപണം അസംബന്ധമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണർ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സ്വർണക്കടത്ത് വിവാദത്തിൽ ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി  തൽസ്ഥാനത്തുനിന്ന് നീക്കി. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. ഇതിനുപിന്നാലെ ശിവശങ്കർ ദീർഘകാല അവധിയ്ക്ക് അപേക്ഷ നൽകി. അതേസമയം പുതിയ ഐ ടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു.

ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം പോലും തേടാതെയാണ് തന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ നീക്കിയത്. എന്നാൽ, ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിട്ടില്ല. വിഷയം മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ട്.

ഐടി സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നാണ് ശിവശങ്കർ ഇന്നലെ വ്യക്തമാക്കിയത്.

Read Also: പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ജാഗ്രതാ നിർദേശം

സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരയായ സ്വപ്‌ന സുരേഷിനായി തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍നിന്ന് സ്വപ്‌ന സുരേഷ് മുങ്ങിയത് രണ്ടുദിവസം മുന്‍പാണെന്നാണ് വിവരം. രണ്ടുദിവസം മുന്‍പ് സ്വപ്‌ന ഫ്ലാറ്റില്‍ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സ്വപ്‌നയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് നടത്തിയ റെയ്‌ഡിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലമുക്കിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ ഓപ്പറേഷൻസ് മാനേജറായിരുന്നു സ്വപ്‌ന. സ്വർണക്ക ടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സ്വപ്‌ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.

സ്വപ്‌ന മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സരിത്താണ് സ്വപ്‌നയ്‌ക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.

എന്തെങ്കിലും ആരോപണമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അതിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ കരുതുന്നതെന്നാണ് കെ സുരേന്ദ്രന്റെ ആരോപണത്തോട്  മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. ദുരാരോപണങ്ങള്‍ ഉന്നയിച്ച് തെറ്റ് ചെയ്യുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഉറവിടമറിയാത്ത രോഗികളും സമൂഹവ്യാപന ഭീഷണിയും; കൊച്ചിയിൽ അതീവ ജാഗ്രത

“ഒരു കേസിലെയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഇക്കാര്യം നാലു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താന്‍ കെ. സുരേന്ദ്രന്റെ നാവിനു കഴിയില്ല,”മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം താനറിഞ്ഞുകൊണ്ടല്ല. കൂടുതല്‍ അറിയില്ല. ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvanathapuram gold smuggling case it secretary and swapna suresh

Best of Express