വിഎസ്‌എസ്‌സി ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലം; ഗൃഹപ്രവേശത്തിൽ പങ്കെടുത്തു, ബാങ്കിൽ പോയി

കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,000 കടന്നു

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച വിക്രംസാരാഭായി സ്പേസ് സെന്ററിലെ (വിഎസ്‌എസ്‌സി) ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. സങ്കീർണമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ഇയാളുമായി നിരവധി പേർ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാകുന്നത്. ഈ മാസം നാലാം തിയതി മുതൽ രോഗം സ്ഥിരീകരിച്ച 24-ാം തിയതി വരെയുള്ള ദിവസങ്ങളിൽ ഇയാൾ പോയ സ്ഥലങ്ങളുടെയും പങ്കെടുത്ത ചടങ്ങുകളുടെയും വിവരങ്ങളാണ് പുറത്തുവിട്ടത്. വിഎസ്എസ്‌സിയിൽ ഇയാൾക്കൊപ്പം ജോലി ചെയ്‌തിരുന്ന 12 പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

തൃക്കണ്ണാപൂരം സ്വദേശിയായ ഇയാൾ ജൂണ്‍ നാലിന് അയല്‍വാസിയുടെ ഗൃഹ പ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആറിന് കഴക്കൂട്ടം എസ്ബിഐ ബ്രാഞ്ചിലും, എട്ടിന് തുമ്പ ബ്രാഞ്ചിലും പോയി. ഗൃഹ പ്രവേശ ചടങ്ങിൽ 25 പേർ പങ്കെടുത്തതായാണ് സൂചന. ഇവരെല്ലാം നിരീക്ഷണത്തിൽ പോകണം. ഇദ്ദേഹത്തിനു ഈ മാസം പതിനഞ്ചിനാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ പോയെങ്കിലും ഡോക്‌ടറെ കണ്ടില്ലെന്നും റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പതിനെട്ടിന് മകളുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ കാര്‍മല്‍ സ്‌കൂൾ സന്ദര്‍ശിച്ചിരുന്നു. പത്തൊന്‍പതിന് തിരുമല കെഎസ്ഇബി ഓഫിസിലും പോയിട്ടുണ്ട്. വെെദ്യുതി ബിൽ അടയ്‌ക്കാനും ഇയാൾ പോയിട്ടുണ്ട്. പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങിക്കാൻ ചാല മാർക്കറ്റിൽ പോയതായും റൂട്ട് മാപ്പിൽ പറയുന്നു. അതേസമയം, ജില്ല പൂർണമായി അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ജാഗ്രത

സംസ്ഥാനത്ത് ആറ് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്താത്തതും സമ്പർക്ക രോഗബാധിതർ വർധിക്കുന്നതുമായ ജില്ലകളിലാണ് അതീവ ജാഗ്രത വേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. പാലക്കാട്, മലപ്പുറം, കാെല്ലം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ ജില്ലകളിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണം.

കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ഇന്നലെയാണ്. 195 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 4,047 ആയി.

Read Also: പ്രായം കുറഞ്ഞ കോവിഡ് ബാധിതരിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും

മലപ്പുറം ജില്ലയിൽ മാത്രം 47 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതെന്നതും ആശങ്കാജനകമാണ്. ജൂൺ ആദ്യവാരത്തിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ ഒൻപത് ദിവസമായി പ്രതിദിനം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിലും സ്ഥിതി രൂക്ഷമായി തുടരാമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നൽകിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvanathapuram covid patient route map high alert

Next Story
ഷംന കാസിം കേസ്: ഇടനിലക്കാരൻ മേക്കപ്പ് ആർട്ടിസ്റ്റ്, ഇടുക്കിക്കാരിക്കായി തിരച്ചിൽShamna Kasim, Shamna Kasim blackmail case
The moderation of comments is automated and not cleared manually by malayalam.indianexpress.com