കോഴിക്കോട്: തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം നഗരസഭയിൽ 61 സീറ്റ് ബിജെപി നേടുമെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. “അറുപത്തിയൊന്നോ അതിൽ കൂടുതലോ സീറ്റുകൾ ബിജെപിക്ക് ലഭിക്കും. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെ അഞ്ചു കോർപറേഷനിലും ബിജെപി മുന്നേറ്റം നടത്തും. കണ്ണൂർ കോർപറേഷനിൽ വിസ്മയകരമായ രീതിയിൽ, നല്ല സംഖ്യയിൽ അക്കൗണ്ട് തുറക്കും,” സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന ജില്ലയാണ് തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കോർപറേഷൻ ഭരണം ബിജെപി പിടിക്കുമെന്ന് പാർട്ടി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. “ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പുറന്തള്ളിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ രണ്ട് കയ്യുമുയര്‍ത്തി എന്‍ഡിഎയെ സ്വാഗതം ചെയ്യുന്നു എന്നുള്ളത് വലിയൊരു മാറ്റമാണ്. യാതൊരു സംശവും വേണ്ട, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിക്കുക തന്നെ ചെയ്യും,” കുമ്മനം പറഞ്ഞു.