തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താന്‍ സിപിഎം ചര്‍ച്ചകള്‍ ആരംഭിച്ചു. വി.കെ.പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. നേരിയ ഭൂരിപക്ഷത്തിലാണ് സിപിഎം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയുമായി സഹകരിച്ച് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയാല്‍ ഭാവിയില്‍ അതു കോണ്‍ഗ്രസിനു തന്നെ തിരിച്ചടിയാകുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Read Also: നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം; പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

അതേസമയം, ബിജെപിയുമായുള്ള സഹകരണത്തെ കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. കാലാവധി കഴിയാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെ ബിജെപിയുമായി സഹകരിച്ച് ഭരണം പിടിക്കുന്നത് പിന്നീട് കോണ്‍ഗ്രസിനു തന്നെ നഷ്ടകച്ചവടമാകുമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

28നു പുതിയ മേയർ സ്ഥാനമേൽക്കും. പുതിയ മേയറെ കണ്ടെത്താനുള്ള ചർച്ചകൾ സിപിഎമ്മിൽ പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി ഇതിനായി ഉടൻ യോഗം ചേരും. നിലവിൽ നാല് പേരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുതിർന്ന നേതാവ് കെ ശ്രീകുമാർ, എസ് പുഷ്പലത, ആർ.പി.ശിവജി, പി.ബാബു എന്നിവരാണ് പരിഗണനാപട്ടികയിലുള്ളത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് എംഎൽഎയാകുന്നതോടെയാണ് പുതിയ മേയറെ കണ്ടെത്തേണ്ട സാഹചര്യം ഉടലെടുത്തത്. കഴിഞ്ഞ നാല് വർഷം തിരുവനന്തപുരം മേയർ സ്ഥാനം വഹിച്ച വി.കെ.പ്രശാന്തിന്റെ ഭരണപാടവമാണ് ഉപതിരഞ്ഞെടുപ്പിൽ പ്രശാന്തിനു മേൽക്കെെ നേടികൊടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.