തിരുവനന്തപുരം: തിരുവനന്തപുരത്തെ ചെന്നെെ, ബെംഗളുരു, ഡൽഹി എന്നീ നഗരങ്ങളെപ്പോലെ രോഗബാധിത പ്രദേശമാക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്‌ട്രീയപാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമർശനം.

“രാഷ്ട്രീയപാർട്ടികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള പ്രതിഷേധങ്ങളല്ല പലയിടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറുകണക്കിനു ആളുകളെ അണിനിരത്തിയുള്ള പ്രകടനങ്ങളും സമരങ്ങളും നഗരത്തിൽ നടന്നു. തിരുവനന്തപുരം നഗരം ചെന്നെെയിലെ പോലെ, ഡൽഹിയിലെ പോലെ രോഗവ്യാപനപ്രദേശമായി മാറാൻ സംഘടിതശ്രമമാണോ ഇതെന്ന് സംശയമുണ്ട്,” കടകംപള്ളി പറഞ്ഞു.

Read Also: പാവപ്പെട്ട കുട്ടിക്ക് ഒരു ടിവി വേണം; കെഎസ്‌യു പ്രസിഡന്റ് സ്റ്റാറ്റസിട്ടു, സഹായഹസ്‌തം നീട്ടി എസ്‌എഫ്ഐ

തിരുവനന്തപുരം നഗരത്തിലെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാൽ, അശ്രദ്ധ പാടില്ല. പല കടകളും സാമൂഹിക അകലം ലംഘിച്ച് കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി നിയമപ്രകാരം അത്തരം കടകൾക്കെതിരെ കേസെടുക്കും. ജില്ലയിൽ പലയിടത്തും വ്യാപകമായി കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മരണവീടുകളിലും വിവാഹ വീടുകളിലും അനുവദിക്കപ്പെട്ടതിലും അധികം ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുന്നു. ഇതെല്ലാം രോഗവ്യാപനത്തിനുള്ള സാധ്യത വർധിക്കും. നഗരം പൂർണമായി അടച്ചിടേണ്ട ആവശ്യം നിലവിലില്ലെന്നും കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഉൾപ്പെടെ എട്ട് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രെെവറും ഇയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രെെവർ ജൂൺ 12 വരെ തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഓടിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.