തിരുവനന്തപുരം: വിമാനത്താവള വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഇ.പി.ജയരാജൻ. തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട ഏജൻസിക്ക് അദാനി കുടുംബവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കാണ് മന്ത്രിയുടെ മറുപടി. അദാനിയുമായുള്ള ബന്ധം കൺസൾട്ടൻസി ഏജൻസി മറച്ചുവച്ചെന്ന് ജയരാജൻ പറഞ്ഞു.

“സർക്കാർ പ്രതിക്കൂട്ടിലല്ല. തുടർ നടപടികൾ സർക്കാർ ആലോചിക്കും. വിശ്വസ്‌തതയോടെ നിയമോപദേശം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌താണ് ഏജൻസി ചുമതല ഏറ്റെടുത്തത്. എന്നാൽ, അദാനിയുമായി ബന്ധമുണ്ടെങ്കിൽ അക്കാര്യം അറിയിക്കേണ്ടതായിരുന്നു,” വ്യവസായ മന്ത്രി പറഞ്ഞു.

Read Also: ലൈഫ് മിഷന്‍ പദ്ധതി: റെഡ്‌ക്രസൻഡിനു പകരം കരാറിൽ ഒപ്പിട്ടിരിക്കുന്നത് യുഎഇ കോൺസുലേറ്റ്

“വിമാനത്താവള വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലല്ല. ഇപ്പോഴാണ് അദാനി ഗ്രൂപ്പുമായി കൺസൾട്ടൻസി കമ്പനിക്ക് ബന്ധമുള്ള കാര്യം പുറത്തുവന്നത്. അദാനിയുമായി ഇവർക്ക് ബന്ധമുള്ള കാര്യം സർക്കാരിനു അറിയില്ലായിരുന്നു. ലേല വിവരങ്ങൾ ചോർന്നതായി തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തും. ജന്റിൽമാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിലാണ് കാര്യങ്ങൾ അവരെ ഏൽപ്പിച്ചത്. ഏറ്റവും നല്ല കൺസൾട്ടൻസി ആയതുകൊണ്ടാണ് അവരെ ഏൽപ്പിച്ചത്. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് കൺസൾട്ടൻസി കമ്പനി ഉറപ്പുനൽകിയിരുന്നു. കെഎസ്‌ഐഡിസിക്ക് തെറ്റ് പറ്റിയിട്ടില്ല” ജയരാജൻ കൂട്ടിച്ചേർത്തു.

ഏജൻസിക്ക് അദാനി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞു. “വിമാനത്താവള ബിഡിനുളള നിയമവശമാണ് ഏജന്‍സി നല്‍കിയത്. അദാനിയുമായി ബന്ധമുളള കമ്പനി സ്വയം ഒഴിയേണ്ടതായിരുന്നു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്‌തില്ലെന്ന് പരിശോധിക്കണം,” കോടിയേരി പറഞ്ഞു.

Read Also: ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടിവന്നാലും മാപ്പ് പറയില്ല: കെ.ടി.ജലീൽ

വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കണമെന്നും ഒന്നിച്ചെതിര്‍ത്താല്‍ അദാനിക്ക് പിന്‍മാറേണ്ടി വരുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.