scorecardresearch
Latest News

കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍

വിദേശകളുൾപ്പെടയുള്ളവർക്ക് അത്ഭുകരമായ കാഴ്ചയായിരുന്നു ഇവിടെ നിന്നുള്ള കട്ടമരവും കൊണ്ടുള്ള ചാട്ടം. പലരുടെയും പുസ്തകങ്ങളിൽ ഫൊട്ടോഗ്രാഫായും വാക്കുകൾ കൊണ്ടുള്ള വർണ്ണനകളിലും ഇതുണ്ട്.

cyclone tauktae,kerala,valiyathura pier,thiruvananthapuram
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍. മഹീന്‍ ഹസന്‍

അതിശക്തമായ കടൽക്ഷോഭത്തെ തുടർന്ന് ആറര ദശകം പഴക്കുമുള്ള തിരുവനന്തപുരത്തെ വലിയതുറ പാലത്തിന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കടുത്ത കടൽക്ഷോഭത്തിലുമാണ് പാലത്തിന് വിള്ളലുണ്ടായത്. പാലം ചരിയുകയും ചെയ്തു. അപകട സാധ്യത കാരണം പാലത്തിലേക്കുള്ള വാതിൽ പൂട്ടി.

ഇന്നലെ രാത്രിയോടെയാണ് പാലത്തിന് തകരാർ സംഭവിച്ചത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പാലം തുടങ്ങി കുറച്ച് മുന്നിലേക്ക് ഏകദേശം പത്തടി കഴിയുമ്പോൾ പാലത്തിന് വിള്ളിൽ വീണു. ശക്തമായ കടൽക്ഷോഭത്തെ തുടർന്ന താഴത്തെ മണ്ണിന് വന്ന ചലനമാണ് ഇതിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്ന സംശയം. മണ്ണ് മാറിയതിനെ തുടർന്നാകാം ഒരു ഭാഗം താഴ്ന്നതെന്നും അവർ പറയുന്നു.

നേരത്തെ തന്നെ ബലക്ഷയം കാരണം തുറമുഖവകുപ്പ് പാലത്തിലേക്കുള്ള യാത്രയും മറ്റും നിയന്ത്രിച്ചിരുന്നു. കുറച്ച് കാലം മുമ്പ് പാലം പുതുക്കി പണിതപ്പോൾ മുൻകാലത്തുണ്ടായിരുന്ന റെയിലുകൾ മാറ്റുകയും പകരം പാലം ടാർ ചെയ്ത് നാലടിയോളം ഉയരത്തിൽ സിമന്റ് ഉപയോഗിച്ച് കൈവരി കെട്ടുകയും ചെയ്തിരുന്നു. അത് കാരണം ഭാരം കൂടിയതായിരിക്കാം ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് സംശയിക്കുന്നവരുണ്ട്. എന്നാൽ, വിഴിഞ്ഞം തുറുമുഖ നിർമ്മാണത്തിനായി കടലിൽ കല്ലിട്ടപ്പോൾ അത് ശംഖുമുഖം കടലോരത്ത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും അതിന്റെ ഭാഗമായാണ് വലിയതുറ പാലത്തിന് നാശമുണ്ടായതെന്നും കരുതുന്നവരുമുണ്ട്. കഴിഞ്ഞ കുറേക്കാലമായി മുമ്പില്ലാത്തവിധം ശംഖുമുഖം പ്രദേശം കടലാക്രമണത്തിന് വിധേയമാകുകയും കടൽത്തീരം തകർച്ച നേരിടുകയും ചെയ്യുന്നതും ഈ സംശയത്തിന് അടിസ്ഥാനമായി അവർ ചൂണ്ടിക്കാണിക്കുന്നു.

ശംഖുമുഖത്ത് നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകന്ന ഭാഗത്തെ റോഡും കടലാക്രമണത്തിൽ തകർന്നിട്ടുണ്ട്. നിലിവിൽ ആഭ്യന്തര വിമാനത്താവളത്തിൽ പോകന്നവരുടെ യാത്ര കല്ലുംമൂട് വഴി തിരിഞ്ഞു പോകണമന്ന അധികൃതർ അറിയിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലേക്കുള്ള പാലം

തിരുവനന്തപുരം നഗരത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന പാലമാണ് വലിയതുറ. ആറരദശകം പഴക്കമുള്ള പാലത്തിന് പക്ഷേ പറയാനുള്ള അതിലും പഴക്കമുള്ള കഥകളാണ്. വലിയതുറ പാലത്തിൽ നിന്നും കട്ടമരത്തിലേക്ക് ചാടുന്ന മീൻപിടുത്തക്കാർ സാഹസികത നിറഞ്ഞ ഫൊട്ടോഗ്രാഫായി പല കാലത്തും ഇടം പിടിച്ചിട്ടുണ്ട്. മൺസൂൺ കാലത്തെ പല മികച്ച ഫൊട്ടോഗ്രാഫുകളും ഈ പാലത്തിന് മുകളിൽ നിന്നും പകർത്തിയതാണ്.

ഇവിടെ നിന്നുള്ള കടൽക്കാഴ്ച എറെ മനോഹരമായിരുന്നതിനാൽ തിരുവനന്തപുരം നഗരത്തിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായി ഈ പാലം മാറി. കൈവരി ഇല്ലാതിരുന്ന പാലത്തിലെ അപകട സാധ്യതയേക്കാളേറെ ആ പാലത്തിൽ നിന്നുള്ള സാഹസികമായ കാഴ്ചയാണ് ആളുകൾക്ക് പ്രിയങ്കരമായത്. ഈ പാലത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്ന കട്ടമരവുമായി ചാടുന്നത് കാണാൻ പോലും ആളുകൾ വരുമായിരുന്നു. വിദേശകളുൾപ്പെടയുള്ളവർക്ക് അത്ഭുകരമായ കാഴ്ചയായിരുന്നു ഇവിടെ നിന്നുള്ള കട്ടമരവും കൊണ്ടുള്ള ചാട്ടം. പലരുടെയും പുസ്തകങ്ങളിൽ ഫൊട്ടോഗ്രാഫായും വാക്കുകൾ കൊണ്ടുള്ള വർണ്ണനകളിലും ഇതുണ്ട്.

ഇപ്പോഴത്തെ വലിയതുറ പാലത്തിന് ആറര പതിറ്റാണ്ടിന്റെ ചരിത്രമാണുള്ളതെങ്കിലും വലിയതുറപാലത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. 1956 ലാണ് ഇപ്പോഴത്തെ പാലം പുതുക്കി പണിഞ്ഞത്. അതിന് മുമ്പ് 1947 വരെ ഇവിടെ പാലം ഉണ്ടായിരന്നു. 1947ൽ ചരക്ക് കപ്പൽ പാലത്തിലിടിച്ച് പാലം തകർന്നതിനെ തുടർന്നാണ് ഇവിടുത്തെ പാലം ഇല്ലാതായത്.

തിരുവിതാംകൂർ രാജ്യത്തിലെ ഭരണകേന്ദ്രമായിരുന്ന ഇന്നത്തെ തിരുവനന്തപുരം നഗരത്തിനുള്ളിലെ തുറമുഖമായിരുന്നു വലിയതുറ. ഒരുപക്ഷേ, 1800 കളിലെ ചരിത്രരേഖകളിൽ നിന്നുള്ള രേഖപ്പെടുത്തലുകൾ പ്രകാരം ഇവിടെ സാധനങ്ങൾ ഇറക്കുന്നതിനും കൊണ്ടു പോകുന്നതിനുമായി വലിയതുറ വലിയ തുറമുഖം അഥവാ വലിയതുറ ഗ്രേറ്റ് ഹാർബർ എന്നറയിപ്പെട്ടിരുന്ന പ്രദേശമാണ് ഇവിടം. ഇവിടെ 1825 ലാണ് പാലം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ശംഖുമുഖം പാലം എന്ന് ആർക്കൈവ്സ് രേഖകളിൽ കാണുന്നത് ഇന്നത്തെ വലിയതുറ പാലമായിരിക്കും എന്നാണ് പ്രാദേശിക നഗരചരിത്രകാരന്മാരുടെ നിഗമനം.

ഇവിടുത്തെ തുറമുഖത്തിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നതിനും വരുന്നതിനും വലിയതുറ തുറമുഖവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പാലമാണ് 1947ൽ ചരക്ക് കപ്പൽ ഇടിച്ച് തകർന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ പാലം തകർന്ന ശേഷം അത് പുനർനിർമ്മിക്കുന്നത് ഒമ്പത് വർഷത്തിന് ശേഷം 1956ലാണ്. ആ പാലമാണ് ഇപ്പോൾ തകർച്ച നേരിടുന്നത്.

വലിയതുറ പാലം 1956 ൽ ഇന്നത്തെ നിലയിൽ നിർമ്മിച്ച ശേഷം കടലിൽ കപ്പലിൽ എത്തിക്കുന്ന ചരക്കുകൾ ചെറിയ തോണികളിൽ പാലത്തിന് സമീപം അടുപ്പിക്കുകയും പിന്നീട് അവ പാലത്തിലേക്ക് കയറ്റുകയും പാലത്തിൽ ചരക്ക് നീക്കത്തിനായി ഘടിപ്പിച്ചിരുന്ന പാളങ്ങളിലൂടെ (റെയിൽ) അവ റോഡിലെത്തിച്ച് കാളവണ്ടി, കൈവണ്ടി മറ്റ് വാഹനങ്ങൾ എന്നിവയിൽ കയറ്റി അവ എത്തിക്കേണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുമായിരുന്നു. എന്നാൽ, കാലം കഴിഞ്ഞതോടെ പുതിയ ചരക്ക് ഗതാഗത സംവിധാനങ്ങളും തുറമുഖങ്ങളും ഒക്കെ സജീവമായതോടെ ഈ പാലത്തിന് പ്രസക്തി നഷ്ടമായി.

ഈ പാലം പലതരത്തിൽ പ്രദേശവാസികൾക്ക് ഉപജീവനമാർഗം കൂടെ ഒരുക്കുന്നതായിരുന്നു. ശംഖുമുഖത്ത് വരുന്നവർ വിമാനത്താവളത്തിൽ വരുന്നവരൊക്കെ ഈ പാലം കാണാൻ എത്തുമായിരുന്നു. അതുമായി ബന്ധപ്പെട്ട് അവിടെ രൂപപ്പെട്ട ചെറുകിട വ്യാപാരം, കടലിൽ പോയി മീൻ പിടിക്കാൻ പറ്റാത്തവർക്ക് ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഈ പാലവും അതിന് താഴത്തെ ഭാഗവും സഹായകരമായിരുന്നു. പാലം തകർച്ച നേരിടുമ്പോൾ ഇവരുടെ ജീവിത മാർഗം കൂടെയാണ് വഴിമുട്ടുന്നത്.

ഇപ്പോഴത്തെ കടൽക്ഷോഭത്തിൽ തകർച്ച നേരിടുന്ന പാലം മൺസൂൺ ശക്തി പ്രാപിക്കുമ്പോൾ കൂടുതൽ തകർച്ച നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് സമീപ വാസികൾ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvananthapuram valiyathura pier damaged in cyclone tauktae photos