തിരുവനന്തപുരം: വഞ്ചിയൂരില്‍ മൂലവിളാകം ജംങ്ഷനിൽ വച്ച് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വണ്ടിയുടെ നമ്പര്‍ കണ്ടെത്താനോ പ്രതിയെ തിരിച്ചറിയാനോ സാധിച്ചിട്ടില്ല.
സംഭവം നടന്നിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാത്തതില്‍ പൊലീസിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതില്‍ സര്‍ക്കാരിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധമുണ്ട്.
സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. മ്യൂസിയത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ ഉള്‍പ്പടെയാണ് ചോദ്യം ചെയ്തത്. പൊലീസിന്റെ അനാസ്ഥ ആക്രമണം നടന്ന അന്ന് മുതല്‍ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷമായിരുന്നു കേസ് പോലും റജിസ്റ്റര്‍ ചെയ്തത്.
വഞ്ചിയൂരില്‍ മൂലവിളാകം ജംങ്ഷനിൽ വച്ച് കഴിഞ്ഞ 13-ാം തീയതി രാത്രി 11 നാണ് സംഭവം നടന്നത്. രാത്രിയില്‍ മരുന്ന് വാങ്ങി ടൂവീലറില്‍ മടങ്ങുമ്പോൾ സ്ത്രീയെ ആജ്ഞാതൻ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ കയറാന്‍ തുടങ്ങവെ വാഹനം തടഞ്ഞ് നിര്‍ത്തുകയും അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ആശുപത്രിയിലെത്തി ചികിത്സ തേടിയ ഇവരെ വീണ്ടും പൊലീസ് വിളിക്കുകയും സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതു. തുടര്‍ന്ന് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
കേസില്‍ പൊലീസിന് വീഴ്ചപറ്റി എന്ന വ്യാപക പരാതിക്ക് പിന്നാലെ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പേട്ട സിവില്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജയരാജ്, രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്.