scorecardresearch
Latest News

തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ട് ഒൻപത് ദിവസം; പ്രതി കാണാമറയത്ത്

പൊലീസിന്റെ അനാസ്ഥ ആക്രമണം നടന്ന അന്ന് മുതല്‍ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു

trivandrum, police, ie malyalm

തിരുവനന്തപുരം: വഞ്ചിയൂരില്‍ മൂലവിളാകം ജംങ്ഷനിൽ വച്ച് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലും പ്രതി വന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ഇന്നലെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. മ്യൂസിയത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ ഉള്‍പ്പടെയാണ് ചോദ്യം ചെയ്തത്. പൊലീസിന്റെ അനാസ്ഥ ആക്രമണം നടന്ന അന്ന് മുതല്‍ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷമായിരുന്നു കേസ് പോലും റജിസ്റ്റര്‍ ചെയ്തത്.

വഞ്ചിയൂരില്‍ മൂലവിളാകം ജംങ്ഷനിൽ വച്ച് കഴിഞ്ഞ 13-ാം തീയതി രാത്രി 11 നാണ് സംഭവം നടന്നത്. രാത്രിയില്‍ മരുന്ന് വാങ്ങി ടൂവീലറില്‍ മടങ്ങുമ്പോൾ സ്ത്രീയെ അജ്ഞാതൻ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ കയറാന്‍ തുടങ്ങവെ വാഹനം തടഞ്ഞ് നിര്‍ത്തുകയും അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ആശുപത്രിയിലെത്തി ചികിത്സ തേടിയ ഇവരെ വീണ്ടും പൊലീസ് വിളിക്കുകയും സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതു. തുടര്‍ന്ന് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

കേസില്‍ പൊലീസിന് വീഴ്ചപറ്റി എന്ന വ്യാപക പരാതിക്ക് പിന്നാലെ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പേട്ട സിവില്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജയരാജ്, രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvananthapuram sexual assault case kerala police could not find the suspect