scorecardresearch

മൂക്കുന്നിമല തീ അണയാതെ മൂന്നാംനാൾ, തീ അണയ്ക്കാൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ രംഗത്ത്

മൂന്നു ദിവസമായി തുടരുന്ന തീപിടുത്തത്തിൽ ഏക്കറ് കണക്കിന് കാട് കത്തി നശിച്ചു. കുരങ്ങ് ഉള്‍പ്പെടെ ജീവികള്‍ കാട്ടുതീയിൽ ചത്തൊടുങ്ങി, മരങ്ങൾ നിന്നു കത്തുന്നു.

മൂക്കുന്നിമല തീ അണയാതെ മൂന്നാംനാൾ, തീ അണയ്ക്കാൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ രംഗത്ത്

തിരുവനന്തപുരം: നേമത്തിന് സമീപം മൂക്കുന്നിമലയില്‍ രണ്ട് ദിവസമായി തുടരുന്ന തീ പിടുത്തം വ്യോമ സേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് അണയ്ക്കാൻ ശ്രമം. ഞായറാഴ്‌ച തുടങ്ങിയ തീപിടുത്തം അഗ്നിശമന സേന എത്തി അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും പൂർണമായി നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.​ തുടർന്നാണ് ഹെലികോപ്റ്റർ വഴി തീ അണയ്ക്കാൻ ശ്രമിക്കുന്നത്. മൂക്കുന്നിമലയിൽ തീ കെടുത്തിയ സ്ഥലങ്ങളിൽ വീണ്ടും തീ പിടിക്കുന്നതും മലയിലെ കാറ്റും ചൂടും അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു. ചെങ്കൽച്ചൂള, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ അഗ്നിശമന സേന സ്റ്റേഷനുകളിൽ നിന്നാണ് ജീവനക്കാരും സംവിധാനങ്ങളും എത്തിച്ച് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്.

മൂക്കുന്നിമലയിൽ തീയണയ്ക്കാൻ ശ്രമിക്കുന്ന ഹെലികോപ്റ്റർ

കരസേനയുടെ ഫയറിങ് ബെഡും എയർഫോഴ്‌സിന്റെ റഡാർ കേന്ദ്രവും സ്ഥിതി ചെയ്യുന്ന മലയിലാണ് തീ പിടിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുളള ശ്രമത്തിലാണ് അഗ്നിശമന സേന സജീവമായി പ്രവർത്തിച്ചത്. എന്നാൽ മലയുടെ മുകളിൽ ഈ വാഹനങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്തത് അവരുടെ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ മോട്ടോർ ഉപയോഗിച്ച് പാറമടകളിലെ കുഴികളിലുളള വെളളം ഉപയോഗിച്ചും തീയണയ്ക്കാൻ ശ്രമം നടക്കുന്നു.

Read More: ബന്ദിപ്പൂര്‍ വനം അമ്പത് ശതമാനത്തിലേറെ കത്തി; വയനാടൻ കാടുകളിൽ ആനക്കൂട്ടം

മൂക്കുന്നി മലയിലെ കാട്ടുതീയിൽ പെട്ട് കുരങ്ങ്, വിവിധയിനം പക്ഷികൾ എന്നിവ ഉള്‍പ്പെടെ മൂക്കുന്നിമലയിലെ ജീവജാലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഞായറാഴ്‌ച ഉച്ചയോടെ നരുവാമൂടിന് സമീപത്തുളള ക്വാറിയിൽ നിന്നാണ് ആണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു. പിന്നീട് ഇത് പടരുകയായിരുന്നു. ഇത് കരസേനയുടെ വെടിവയ്‌പ് പരിശീലന കേന്ദ്രം, വ്യോമസേനയുടെ റഡാർ സ്റ്റേഷൻ എന്നിവയുടെ ഭാഗങ്ങളിലേയ്ക്ക് പടരുയായിരുന്നു. നിരവധി അനധികൃത ക്വാറികൾ പ്രവർത്തിക്കുന്ന മൂക്കുന്നിമലയിൽ തീ പിടുത്തം വൻ അപകട സാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പാറഖനനവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ വൻ സ്ഫോടകവസ്തു ശേഖരമുണ്ടെന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്.

മലയിലെ അക്കേഷ്യ, റബ്ബര്‍ മരങ്ങള്‍ ഏതാണ്ട് കത്തിയമര്‍ന്നു കഴിഞ്ഞു. മൂക്കുന്നിമലയുടെ മലയിന്‍കീഴ്, മലയം, ചൂഴാറ്റുകോട്ട ഭാഗത്താണ് തീ പടരുന്നത് തുടരുന്നത്. പ്രാവച്ചമ്പലം ഇടയ്ക്കോട് മൂക്കുന്നിമലയില്‍ നിന്ന് കണ്ണന്താനത്തിന്റെ ക്വാറിക്ക് സമീപത്ത് കൂടി ഇടത് വശത്തെ കരസേനയുടെ പരിശീലന കേന്ദ്രത്തിനും പാമാംകോട് പ്രദേശത്തുമായി രണ്ട് മലകള്‍ക്കിടയ്ക്ക് തീപടര്‍ന്നത് ഏക്കറുകളോളം പ്രദേശത്താണ്. ഇവിടങ്ങളിലെ ജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്. കനത്ത ചൂടിനൊപ്പം മരങ്ങള്‍ കൂടി കത്തിയതോടെ അന്തരീക്ഷത്തിലെ താപനില ഉയർന്നതായും കനത്ത ചൂടാണ് പ്രദേശത്തെന്നും നാട്ടുകാർ പറയുന്നു. ജനവാസ മേഖലകളിലേക്ക് തീ പടര്‍ന്നാലുള്ള ആശങ്കയും നാട്ടുകാരെ കുഴയ്ക്കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ ഇതേ പോലെ മലയ്ക്ക് തീപിടിച്ച് കുറേ പ്രദേശം കത്തി നശിച്ചിരുന്നു.

പ്രദേശത്തെ പാറക്വാറികള്‍ എട്ട് മാസമായി ഇവിടെ ഖനനം നടത്തുന്നില്ലായെങ്കിലും ക്വാറിക്കാരുടെ പാറ പൊട്ടിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ നിന്നും ഇനിയും മാറ്റിയിട്ടില്ല. ഇവിടെ തീയത്തെിയാല്‍ ഉണ്ടാകുന്ന ദുരന്തം പരിസരവാസികളെ ആശങ്കാകുലരാക്കുന്നുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന ഈ തീപിടിത്തം നാട്ടുകാർ സംശയത്തോടെയാണ് കാണുന്നത്. ഇത് മനുഷ്യനിർമ്മിത തീപിടുത്തമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvananthapuram mukkunnimala wild fire air force uses helicopter to contain fire raging for 3 days

Best of Express