തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ/ മെട്രോ ലൈറ്റ് പദ്ധതികള്‍, മൂന്ന് ഫ്ളൈ ഓവറുകളുടെ നിര്‍മാണം എന്നിവ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്(കെ എം ആര്‍ എല്‍) കൈമാറും. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം.
തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പുതിയ ഡി പി ആര്‍ തയാറാക്കി സമര്‍പ്പിക്കാന്‍ കെ എം ആര്‍ എല്ലിനെ ചുമതലപ്പെടുത്തും.
1963 ലെ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവനുവദിക്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തും.
വകുപ്പ് 81 (3 ബി) പ്രകാരമുള്ള ഇളവിനുള്ള അപേക്ഷ ഭൂമി വാങ്ങിയ/ഏറ്റെടുത്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അത്തരം അപേക്ഷകളില്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം.
അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനു റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട പ്രൊജക്ടിലെ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ബന്ധപ്പെട്ട പ്രൊജക്ട് വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കിയ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ 2019 ജൂലായ് ഒന്നുമുതലുള്ള മുതല്‍ പ്രാബല്യം അനുവദിക്കും.
കേരള സാഹിത്യ അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളവും അലവന്‍സുകളും വ്യവസ്ഥകള്‍ക്കു വിധേയമായി പരിഷ്‌കരിക്കും.
നവകേരളം കര്‍മ്മപദ്ധതി രണ്ടിന ആറ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അന്യത്രസേവനം/കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം.
കേരള സ്റ്റേറ്റ് ഐ ടി മിഷനില്‍ ഹെഡ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തിക സൃഷ്ടിക്കും. ഹെഡ് ഇ-ഗവേണന്‍സ്, ഹെഡ് ടെക്നോളജി എന്നീ തസ്തികകള്‍ക്കുള്ള വേതനം ഉയര്‍ത്തും.