തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഏറ്റെടുത്തു. അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മദുസൂദന റാവു ചുമതല ഏറ്റെടുത്തു.
50 വര്‍ഷത്തേക്കാണ് ഏറ്റെടുത്തിട്ടുള്ളതെങ്കിലും കസ്റ്റംസും എയര്‍ട്രാഫിക്കും സുരക്ഷയും കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലാണ്. വിമാനത്താവള നടത്തിപ്പ് ആദ്യ ഒരുവര്‍ഷം അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് നിര്‍വഹിക്കുക. ഈ കാലയളവ് പൂര്‍ത്തിയാകുന്നതോടെ നടത്തിപ്പ് പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാവും.

സമൃദ്ധമായ പച്ചപ്പും, മനോഹരമായ കടൽത്തീരങ്ങളും സ്വാദൂറുന്ന ഭക്ഷണവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് നിങ്ങളെ വരവേൽക്കുന്നുവെന്നാണ് ഏറ്റെടുക്കലിന് ശേഷം അദാനി ഗ്രൂപ്പ് ട്വീറ്റ് ചെയ്തത്.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ജനുവരി 19നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഒപ്പുവച്ചത്. ആറു മാസത്തിനകം നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ കോവിഡ് സാഹചര്യത്തിലെ വ്യോമയാന നിയന്ത്രണങ്ങളെത്തുടര്‍ന്ന് സമയം നീട്ടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ 18ന് മുന്‍പ് ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി സാവകാശം നല്‍കുകയായിരുന്നു.
തിരുവനനന്തപുരം കൂടാതെ മംഗളുരു, അഹമ്മദാബാദ്, ലക്‌നൗ, ജയ്പുര്‍, ഗുവാഹതി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് 2019 ലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ വിളിച്ചത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നത്.
വിമാനത്താവളത്തിന് വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതു സംബന്ധിച്ച് അദാനി ഗ്രൂപ്പുമായുള്ള സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നതിനുള്ള സാധ്യതകളും പ്രതിസന്ധിയിലാണ്. 635 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനു 18 ഏക്കര്‍ വാങ്ങുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.