തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവാളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകൻ. നയതന്ത്ര ബാഗിൽ 25 കിലോ സ്വർണമുണ്ടായിരുന്നതായി സരിത്തിന് അറിയാമായിരുന്നതായി സരിത്തിന്റെ അഭിഭാഷകൻ കേസരി കൃഷ്‌ണൻനായർ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്വർണക്കടത്തിൽ അറ്റാഷെയ്‌ക്ക് പങ്കുണ്ടെന്ന് സരിത് പറഞ്ഞതായി കേസരി കൃഷ്‌ണൻനായർ പറയുന്നു. അറ്റാഷെ സ്വപ്‌നയെ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞിരുന്നതായും അഭിഭാഷകൻ വെളിപ്പെടുത്തി. സരിത്തിനും സ്വപ്‌നയ്‌ക്കും പുറമേ സ്വർണക്കടത്തിൽ വലിയ കണ്ണികളുണ്ടെന്നും അഭിഭാഷകൻ പറയുന്നു.
Also Read: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു, മടക്കം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ മൊഴി നല്‍കിയതിനു പിന്നാലെ
സരിത്തിനെയും സ്വപ്‌നയെയും മുന്നിൽനിർത്തി വൻ റാക്കറ്റുകൾ ഇതിനു പിന്നിലുണ്ടെന്നാണ് കേസരി കൃഷ്‌ണൻനായരുടെ വെളിപ്പെടുത്തൽ. ഒളിവിൽ പോകുന്നതിനു മുൻപ് സ്വപ്‌നയും കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും തന്നെ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ.
Also Read: സ്വർണക്കടത്ത് കേസ്: സന്ദീപ് നായരുടെ ബാഗ് തുറന്ന് പരിശോധിച്ചു
നയതന്ത്ര ബാഗേജിൽ സ്വർണമുണ്ടെന്ന് സരിത് തന്നോട് പറയുന്നത് നാലാം തിയതിയാണ്. ബാഗ് തുറന്നുപരിശോധിക്കുന്നതിനു മുൻപ് തന്നെ അതിൽ 25 കിലോയോളം സ്വർണമുണ്ടെന്ന് സരിത് പറഞ്ഞു. അന്ന് സരിത് വീട്ടിലേക്ക് വന്നപ്പോൾ സ്വപ്‌നയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. അഞ്ചാം തിയതി കസ്റ്റഡിയിലാകുന്നതിനു മുൻപും സരിത് വിളിച്ചിരുന്നു. നിയമോപദേശം തേടിയിരുന്നു. കീഴടങ്ങിയില്ലെങ്കിൽ അറ്റാഷെ, മാഡത്തെ (സ്വപ്‌ന) കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞിരുന്നതായും കേസരി കൃഷ്‌ണൻനായർ വെളിപ്പെടുത്തി.
അതേസമയം യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇയുടെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് അന്വേഷണം തുടരുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുള്ള റഷീദ് തിരുവനന്തപുരത്തുനിന്നു ഡല്‍ഹി വഴി രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കസ്റ്റംസ് തടഞ്ഞുവച്ച സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ അറ്റാഷെ പറഞ്ഞിട്ടാണ് താന്‍ ഉദ്യോഗസ്ഥരെ വിളിച്ചതെന്നും ബാഗ് കിട്ടാന്‍ വൈകിയപ്പോള്‍ അത് തിരിച്ചയക്കുന്നതിനുള്ള ഇ-മെയില്‍ റഷീദ് പറഞ്ഞത് പ്രകാരം അയച്ചുവെന്നും കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു.