സ്വപ്‌ന മന്ത്രി കെ.ടി.ജലീലിനെ വിളിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

യുഎഇയിൽ നിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദാണെന്നാണ് എൻഐഎക്ക് ലഭിച്ച വിവരം

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി.ജലീലിനെ വിളിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്‌ന സുരേഷിനെ വിളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്റലിജൻസിനു വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ ഇവിടെ വായിക്കാം.

ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല

മുൻ ഐടി സെക്രട്ടറിയും തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കറിനെതിരെ അന്വേഷണം നടത്തും. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന തലത്തിൽ അന്വേഷണം നടത്തും. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

“വിവാദ വനിതയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതുകൊണ്ടാണ് ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കിയത്. മറ്റ് അന്വേഷണങ്ങൾ നടക്കുകയാണ്. കേസിൽ പിടിയിലായ രണ്ട് പേരുമായി ശിവശങ്കർ ഫോണിൽ ബന്ധപ്പെട്ടതായി ഇപ്പോൾ വിവരം ലഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങുന്ന സമിതി ഇതേകുറിച്ച് അന്വേഷിക്കും. സസ്‌പെൻഡ് ചെയ്യാനുള്ള നിലയിലേക്ക് എത്തിയിട്ടില്ല. കേസിൽ ഏർപ്പെട്ടവരുമായി നിയതമായ രീതിയിലാണോ ശിവശങ്കർ ബന്ധപ്പെട്ടത് എന്ന് അന്വേഷിക്കും. റിപ്പാേർട്ട് ലഭിച്ചശേഷം നടപടികളിലേക്ക് കടക്കും,” മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ഹർജി തിരുത്തി സമർപ്പിക്കാൻ ഹൈക്കോടതി

കൊച്ചി: സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണം കടത്ത് അടക്കം വിവാദ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്ന ഹർജി പിഴവ് തിരുത്തി പൊതു താൽപ്പര്യ ഹർജിയായി സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ മൈക്കിൾ വറുഗീസ് സമർപ്പിച്ച ഹർജിയാണ് രജിസ്ട്രി ചുണ്ടിക്കാണിച്ച അപാകതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചത്.

പൊതുതാൽപ്പര്യ വിഷയങ്ങൾ ഉൾപ്പെട്ട ഹർജി, സാധാരണ ഹർജിയായി സമർപ്പിച്ചത് പിഴവാണന്ന് രജിസ്ട്രി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ആദ്യം പരിഗണിച്ച സിംഗിൾ ബഞ്ച് ഹർജി ചീഫ് ജസ്റ്റീസിന്റെ ബഞ്ചിനയക്കുകയായിരുന്നു. പൊതുതാൽപ്പര്യമുള്ള വിഷയത്തിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്ന റജിസ്ട്രിയുടെ വാദം ശരി വെച്ചാണ് ഹർജി പുതുക്കി നൽകാൻ കോടതി നിർദേശിച്ചിട്ടുള്ളത്.

യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ കടത്ത്, സ്പ്രിംഗ്ളർ, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി ഇടപാടുകളിൽ അന്വേഷണം വേണമെന്നും ക്രിമിനൽ നടപടിച്ചട്ടം 154 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കസ്റ്റംസ്, സിബിഐ, എൻഫോസ് മെൻറ്, ഡി ആർ ഐ ,എൻ ഐ എ തുടങ്ങിയ ഏജൻസികൾ കേസെടുക്കുന്നത് പ്രത്യേക നിയമപ്രകാരമാണന്നും എന്നാൽ സംസ്ഥാനത്ത് നടന്ന ആരോപണങ്ങളിൽ പൊലീസാണ് കേസെടുക്കേണ്ടതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

സ്വപ്‌നയുടെ കോൾ ലിസ്റ്റിൽ കെ.ടി. ജലീലും

സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷുമായി താൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും മന്ത്രി കെ.ടി.ജലീൽ. സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി.ജലീലിനെ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായി രേഖകൾ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

“റംസാൻ റിലീഫ് ഭക്ഷ്യകിറ്റുകൾ നൽകുന്ന പതിവുണ്ട്. യുഎഇ കോൺസുലേറ്റ് വഴിയുള്ള കിറ്റുവിതരണം എല്ലാ വർഷവും നടക്കുന്നുണ്ട്. ഇത്തവണ ലോക്ക്‌ഡൗണ്‍ സമയമായതിനാൽ കിറ്റുവിതരണം നീണ്ടു. ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ വിളിക്കാനാണ് യുഎഇ കോൺസൽ ജനറൽ എനിക്ക് നിർദേശം നൽകിയത്. യുഎഇ കോൺസൽ ജനറൽ പറഞ്ഞതനുസരിച്ച് മാത്രമാണ് സ്വപ്‌നയെ വിളിച്ചിട്ടുള്ളത്. ഔദ്യോഗികമായ കാര്യങ്ങൾക്കുവേണ്ടി മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ട്. യുഎഇ കോൺസൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് സ്വപ്‌ന. യുഎഇ കോൺസൽ ജനറൽ എനിക്ക് അയച്ച സന്ദേശങ്ങളടക്കം കയ്യിലുണ്ട്. മറ്റ് വിഷയങ്ങളിലെല്ലാം അന്വേഷണം നടക്കട്ടെ. എൻഐഎ അന്വേഷിക്കട്ടെ, ഒരുകാര്യത്തിലും എനിക്ക് ഭയമില്ല” കെ.ടി.ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ്

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ എൻഐഎ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ അനുവദിച്ചാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. യുഎഇയിൽ നിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദാണെന്നാണ് എൻഐഎക്ക് ലഭിച്ച വിവരം.

ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ് എൻഐഎ യുഎഇക്ക് കൈമാറും. കുറ്റവാളികളെ കൈമാറുന്നതിന് യുഎഇയും ഇന്ത്യയും തമ്മിൽ കരാറുണ്ട്. ഫൈസൽ ഫരീദ് തൃശൂർ കയ്പമംഗലം സ്വദേശിയാണന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസ്: സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നത് തുടരും

എൻഐഎ കസ്റ്റഡിയിലുള്ള രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതികളെ എൻഐഎ കോടതി ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു. നാലാം പ്രതിയായ സന്ദീപിൽ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും. കേസിലെ നിർണായക വിവരങ്ങൾ സന്ദീപിന്റെ ബാഗ് പരിശോധിച്ചാൽ ലഭിക്കുമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.

Also Read: 2019 മുതല്‍ പലതവണയായി കടത്തിയത് 57 കിലോ സ്വർണം: എൻഐഎ

കേരളത്തിലെ ജുവലറികൾക്ക് വേണ്ടിയല്ല സ്വർണം കൊണ്ടുവന്നതെന്നും സ്വർണം കടത്തുന്നതിന് യുഎഇയിൽ വ്യാജരേഖ ചമച്ചുവെന്നും എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. യുഎഇ എംബ്ലം, സീൽ എന്നിവ വ്യാജമായി നിർമ്മിച്ചു. സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണെന്നും കോടതിയിൽ എൻഐഎ വെളിപ്പെടുത്തിയിരുന്നു. 2019 മുതല്‍ പലതവണയായി പ്രതികള്‍ 57 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

ചോദ്യം ചെയ്യലിനു നോട്ടീസ് നൽകി കസ്റ്റംസ്; മിനിറ്റുകൾക്കകം ഹാജരായി ശിവശങ്കർ

മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ മൊഴിയെടുക്കുന്നു. ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ശിവശങ്കറിനു നോട്ടീസ് നൽകിയിരുന്നു.

ഇന്ന് വെെകീട്ട് നാല് മണിക്കുശേഷമാണ് മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് നൽകി പത്ത് മിനിറ്റുകൾക്കകം ഉദ്യോഗസ്ഥർ മടങ്ങി. തൊട്ടുപിന്നാലെ വീടിന്റെ പിൻവശത്തുള്ള വാതിലിലൂടെ ശിവശങ്കർ പുറത്തിറങ്ങുകയും ചോദ്യം ചെയ്യലിനു കസ്റ്റംസ് ഓഫീസിൽ ഹാജരാകുകയും ചെയ്‌തു. ചോദ്യം ചെയ്യൽ ആരംഭിച്ചതായാണ് വിവരം.

ജലാലിന്റെ കാറിൽ രഹസ്യ അറകൾ; സ്വർണക്കടത്തിന് ഇറങ്ങിയത് കോഴി ഫാം നഷ്ടത്തിലായതോടെ

സ്വർണക്കടത്ത് കേസിൽ കീഴടങ്ങിയ ജലാലിന്റെ കാറിൽ രഹസ്യ അറകൾ. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കാറിലാണ് സ്വർണക്കടത്തിന് സജ്ജീകരിച്ചിരിക്കുന്ന തരത്തിലുള്ള അറകളുള്ളത്. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്. വർഷങ്ങളായി കേരള പൊലീസും കസ്റ്റംസും തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ജലാൽ. രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണ്.

മൂവാറ്റുപുഴയിൽ കോഴി ഫാം നടത്തിയിരുന്ന ജലാൽ അത് നഷ്ടത്തിലായതോടെയാണ് സ്വർണക്കടത്തിലേക്ക് എത്തിയത്. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇയാൾ പിടിയിലായിരുന്നെങ്കിലും അതിന് ശേഷവും സ്വർണക്കടത്ത് തുടരുകയായിരുന്നു.  ഇന്നലെയാണ് മറ്റ് രണ്ട് പേർക്കൊപ്പമെത്തി കസ്റ്റംസ് ഓഫീസിൽ ഇയാൾ കീഴടങ്ങിയത്. കേരളത്തിലെ വിമാനത്താവളങ്ങൾക്കു പുറമേ ചെന്നൈ, മുംബൈ, ബെംഗളുരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാൾ സ്വർണം കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvananthapuram gold smuggling case swapna suresh sandeep nair ramees faizal faridi news wrap july 14

Next Story
സമരമാണെങ്കിലും സാമൂഹിക അകലം വേണം: ഹൈക്കോടതിCovid, കോവിഡ്, Corona, കൊറോണ, plea, ഹർജി, Strikes, സമരങ്ങൾ, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com