തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ, ചാരമുഖ്യൻ കെ.കരുണാകരൻ രാജിവയ്ക്കണമെന്ന് സിപിഎം അന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വർണക്കടത്ത് കേസിൽ സ്വർണ്ണ മുഖ്യനായ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ മാറ്റിയത് ഇതിന്റെ തെളിവാണെന്നും മുരളീധരൻ ആരോപിച്ചു.

കേസ് സിബിഐ അന്വേഷിച്ചാൽ എല്ലാം തെളിയും. സോളാർ ഉൾപ്പെടെ ഏത് കേസ് സർക്കാർ പൊടി തട്ടിയെടുത്താലും സ്വർണ്ണക്കേസിലെ വസ്തുതകൾ പുറത്ത് വരണം. ഇല്ലെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. ശിവശങ്കറിനെ സ്വപ്നക്കായി സഹായിക്കുന്ന ഒരു വിങ് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Read More: സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

“സ്വന്തം ഓഫീസ്, വകുപ്പ് എന്നിവയിൽ നടക്കുന്നത് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബ്ബർ സ്റ്റാമ്പാണ്? സ്വർണ്ണം എങ്ങോട്ട് കൊണ്ടു പോകുന്നു എന്ന് പോലും ഇന്‍റലിജൻസ് അറിഞ്ഞില്ല. മുഖ്യമന്ത്രിയും അറിഞ്ഞില്ല. ഇതോടെ സ്വന്തം ഓഫീസുമായി ബന്ധപ്പെട്ട ദൂഷിത വലയത്തിന്‍റെ തടവുകാരനായി. അതിനാൽ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം,” മുരളീധരൻ ആവശ്യപ്പെട്ടു.

കേസിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. പല അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിച്ചെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും. സ്‌പേസ് കോൺഫറൻസിന്റെ സംഘാടക സ്വപ്നയായിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിനു കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്‌ കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി നടക്കുന്നത്. ഇതിന്റെ മുഖ്യ സംഘാടകയെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയാൻ കഴിയുമോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു.

അതേസമയം, സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂ‌ർ ജാമ്യാപേക്ഷ നൽകി. ഇ ഫയലിങ് വഴി ബുധനാഴ്ച രാത്രി വൈകിയാണ് സ്വപ്ന ജാമ്യാപേക്ഷ സമർപ്പിച്ചത്. അതിനാൽ ഇന്നത്തെ പരിഗണന പട്ടികയിൽ​ സ്വപ്നയുടെ ഹർജി ഉൾപ്പെടുത്തിയിട്ടില്ല. എന്ന് പരിഗണിക്കും എന്ന് വ്യാഴാഴ്ച തീരുമാനിക്കും. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

സ്വപ്‌ന സുരേഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ശക്തമായ തിരച്ചില്‍ നടത്തിയിട്ടും സ്വപ്‌നയെ കണ്ടെത്താനായില്ല. സ്വപ്‌ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook