/indian-express-malayalam/media/media_files/uploads/2020/07/congress.jpg)
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ സിബിഐ അന്വേഷണം ആണ് അഭികാര്യം. സിബിഐയുടെ സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്നും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
സിബിഐക്കും എൻഐഎക്കുമൊപ്പം റോയുടെ സേവനവും പ്രയോജനപ്പെടുത്തണം. സ്വർണകടത്ത് കേസിൽ എൻഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എൻഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Read More: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്; മാർച്ചിൽ സംഘർഷം, പി.കെ.ഫിറോസിനു പരുക്ക്
സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമാണ്. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും എം ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്നും വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
"മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്ക് കുട പിടിക്കുകയാണ്. ഐടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നത്. സിഡിറ്റിൽ മാത്രം 51 അനധികൃത നിയമനം നടന്നിട്ടുണ്ട്," പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ അഴിമതിയാണ് ഐടി വകുപ്പിൽ നടക്കുന്നത്. അനധികൃത നിയമനം നേടിയവര്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയപോര് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്‌തമായി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്‌തു.
ഇന്ന് രാവിലെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയായിരുന്നു. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടിവന്നു. സംഘർഷത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനും പരുക്കേറ്റതായാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.