തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം. നഗരസഭയ്ക്കുള്ളിൽ ബിജെപി കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. യുവമോർച്ച മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതിനിടെ, കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച കത്ത് വിവാദത്തില്‍ മേയർക്കും സർക്കാരിനുമെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചു. വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് കൗൺസിലർ ശ്രീകുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും മേയർക്ക് പറയാനുള്ളത് കേട്ടശേഷം ഹർജിയിൽ തീരുമാനമെന്നും കോടതി വ്യക്തമാക്കി. കത്ത് വിവാദത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഹർജി ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
താൽക്കാലിക നിയമനങ്ങളിലേക്കു പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു കത്തയച്ചെന്നാണു മേയർ ആര്യ രാജേന്ദ്രനെതിരെ ഉയർന്ന ആരോപണം. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലുള്ള കത്തിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലെ 295 പേരുടെ കരാർ നിയമനത്തിനാണ് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത്.
തന്റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്‌പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷണം. മേയര്‍ ആര്യാ രാജേന്ദ്രന്റെ വീട്ടിലെത്തി ക്രൈം ബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ സി പി എമ്മും അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സി പി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണു വിവരം.