തിരുവനന്തപുരം: നഗരസഭയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കത്ത് വിവദത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് സിപിഎം. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം നാളെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ സിപിഎം യോഗവും ഉണ്ടായിരിക്കും. കത്ത് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടിയെടുക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു.
കത്ത് പുറത്ത് വന്നതിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നിലവില്‍. എന്നാല്‍ മേയര്‍ രാജി വയ്ക്കേണ്ടതില്ല എന്ന നിലപാടാണ് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്വീകരിച്ചത്. കത്ത് തന്റെ കയ്യില്‍ ലഭിക്കാത്തതിനാല്‍ വ്യാജമാണോയെന്ന് അറിയില്ലെന്നും ആനാവൂര്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അങ്ങനെ ചെയ്യാതിരിക്കാന്‍ കോണ്‍ഗ്രസ് അല്ലെന്നുമായിരുന്നു ആനാവൂരിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ വിഭാഗിയത നിലനില്‍ക്കുന്നതിനാലാണ് കത്ത് പുറത്തു വന്നതെന്ന ആരോപണവും ജില്ലാ സെക്രട്ടറി തള്ളിയിട്ടുണ്ട്. പാര്‍ട്ടിയെല്ലാം വ്യക്തമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുറത്ത് വന്ന കത്ത താന്‍ തയാറാക്കിയതല്ലെന്ന് ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലായിരുന്നു ആര്യ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ആര്യയുടെ തീരുമാനം. ഇന്ന് പൊലീസില്‍ പരാതി നല്‍കും.
കത്ത് വിവാദമായതിന് പിന്നാലെ കോര്‍പറേഷനിലെ 295 താത്കാലിക ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. തദ്ദേശഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.
മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലെന്നു കരുതുന്ന കത്തില്‍ നവംബര്‍ ഒന്ന് എന്നാണു തിയതിയായി കാണിക്കുന്നത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന കത്തില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ 295 പേരുടെ കരാര്‍ നിയമനത്തിനാണ് മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടത്.
ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തരംതിരിച്ച് കത്തില്‍ എഴുതിയിരുന്നു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും കത്തിലുണ്ടായിരുന്നു. കത്ത് സി പി എം ജില്ലാ നേതാക്കള്‍ അതതു വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണു പുറത്തായത്.