തിരുവനന്തപുരം: കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന സംഭവത്തില്‍ ഇന്നും പ്രതിഷേധം. ബിജെപി പ്രവര്‍ത്തകര്‍ മേയറുടെ ഓഫിസ് ഉപരോധിച്ചെങ്കിലും മറ്റൊരു വഴിയിലൂടെ മേയറെ പൊലീസും സിപിഎം കൗണ്‍സിലര്‍മാരും ചേര്‍ന്ന് എത്തിച്ചു.
രാവിലെ മേയറുടെ വസതിയിലെത്തി കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി കാണിക്കാനെത്തിയ കെ എസ് യു പ്രവര്‍ത്തകന് മര്‍ദനമേറ്റു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് വിവരം. മേയറുടേയും ഡി ആര്‍ അനിലിന്റേയും രാജിക്കായി നഗരസഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്ന് ബിജെപി കൗണ്‍സിലര്‍മാരും വ്യക്തമാക്കി.
കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും
കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങള്‍, ഡി ആര്‍ അനില്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കേസ് ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണമായിരിക്കും ക്രൈം ബ്രാഞ്ച് നടത്തുന്നത്. ഇന്നലെയാണ് മേയറുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കാനായി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചത്. ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിനാണ് കേസിന്റെ അന്വേഷണ ചുമതല.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമെ സിപിഎമ്മും സംഭവം അന്വേഷിക്കും. “കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിയും. പൊലീസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കും. കത്ത് വിവാദത്തില് ഒളിക്കാന്‍ ഒന്നുമില്ല. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും,” സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നഗപ്പന്‍ വ്യക്തമാക്കി.
കത്ത് വിവാദത്തിന് പിന്നാലെ മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ നഗരസഭയുടെ മുന്നില്‍ പ്രതിഷേധം നടന്നിരുന്നു. ബിജെപി, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു എന്നിങ്ങനെയുള്ള വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരമുഖത്തുണ്ടായിരുന്നു. പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസിന് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കേണ്ടി വന്നു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ബിജെപി കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ടതിന് പിന്നാലെ നഗരസഭയുടെ അകത്തും സംഘര്‍ഷമുണ്ടായിരുന്നു. പൂട്ടിയിട്ടത് ചോദ്യം ചെയ്ത് സിപിഎം കൗണ്‍സിലര്‍മാരും നഗരസഭയിലെത്തിയതോടെ സാഹചര്യം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. മണിക്കൂറുകളോളം നഗരസഭയ്ക്ക് അകത്തും പ്രതിഷേധം തുടര്‍ന്നിരുന്നു.