തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ആര്യയുടെ വീട്ടിലെത്തിയാണു ക്രൈം ബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനു മേയര്‍ പരാതി നല്‍കിയതിനെതത്തുടര്‍ന്നാണു കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ എസ് പി ജലീല്‍ തോട്ടത്തിലാണു വിഷയം അന്വേഷിക്കുന്നത്. അതേസമയം കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍ പ്രാഥമിക അന്വേഷണമാണു നടത്തുന്നത്.
അന്വേഷണത്തിന് ഡി ജി പി ഇന്നലെ ഉത്തരവിട്ടെങ്കിലും മേയറുടെ മൊഴിയെടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ മേയറുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫിസിലെ സ്റ്റാഫ് അംഗങ്ങള്‍, ഡെപ്യൂട്ടി മേയര്‍ ഡി ആര്‍ അനില്‍ എന്നിവരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും.
സംഭവത്തില്‍ സി പി എമ്മും അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സി പി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണു വിവരം.
”കത്ത് വ്യാജമാണോ അല്ലയോയെന്ന് അന്വേഷണത്തില്‍ തെളിയും. പൊലീസ് അന്വേഷണം അതിന്റെ വഴിക്കു നടക്കും. കത്ത് വിവാദത്തില്‍ ഒളിക്കാന്‍ ഒന്നുമില്ല. പാര്‍ട്ടിക്കാര്‍ക്കു പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും,” എന്നാണു സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇന്നലെ പറഞ്ഞത്.
കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധമാണു നടന്നത്. ബി ജെ പി പ്രവര്‍ത്തകര്‍ മേയറുടെ ഓഫിസ് ഉപരോധിച്ചു. എന്നാല്‍, പൊലീസും സി പി എം കൗണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ മറ്റൊരു വഴിയിലൂടെ ഓഫിസില്‍ എത്തിച്ചു. മേയറുടേയും ഡെപ്യൂട്ടി മേയര്‍ ഡി ആര്‍ അനിലിന്റേയും രാജിക്കായി നഗരസഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്നാണു ബി ജെപി കൗണ്‍സിലര്‍മാര്‍ പറയുന്നത്.
രാവിലെ മേയറുടെ വസതിയിലെത്തി കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തങ്ങളെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ഇവര്‍ ആരോപിച്ചു.
നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചിട്ടില്ലെന്ന് ആര്യ ഇന്നലെ പറഞ്ഞിരുന്നു. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്, ലെറ്റര്‍ പാഡ് വ്യാജമാണോയെന്ന്് അന്വേഷണം നടക്കട്ടെയെന്നും മേയര്‍ പറഞ്ഞു.
”നഗരസഭ ഭരണസമിതിയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നത്. ശിപാര്‍ശ കത്ത് നല്‍കുന്ന ശീലം സി പി എമ്മിനില്ല. കത്തിന്റെ ഉറവിടം കണ്ടെത്തണം. തന്റെ സത്യസന്ധത വ്യക്തമാക്കാനാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ഓഫീസിനെ സംശയിക്കുന്നില്ല. പൂര്‍ണമായി വിശ്വാസമുണ്ട്. അന്വേഷണത്തിലൂടെ കാര്യങ്ങള്‍ പുറത്തുവരട്ടെ,” എന്നാണു മേയര്‍ ഇന്നലെ പറഞ്ഞത്.