scorecardresearch
Latest News

കത്തയച്ചിട്ടില്ലെന്ന് നഗരസഭ; നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കി സര്‍ക്കാര്‍

ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവില്ലെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ പ്രസ്താവനയിൽ അറിയിച്ചു

Mayor Arya Rajendran, Thiruvananthapuram corporation appointment controversy, Anavoor Nagappan, MB Rajesh

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ 295 താത്കാലിക ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

കോര്‍പറേഷനില്‍ 295 താല്‍ക്കാലിക ഒഴിവകളിലേക്കുള്ള നിയമനത്തിനു സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് മുന്‍ഗണനാ പട്ടിക ചോദിച്ചുകൊണ്ടുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദമായ സാഹചര്യത്തിലാണു സര്‍ക്കാര്‍ തീരുമാനം

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലെന്നു കരുതുന്ന കത്തില്‍ നവംബര്‍ ഒന്ന് എന്നാണു തിയതിയായി കാണിക്കുന്നത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന കത്തില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ 295 പേരുടെ കരാര്‍ നിയമനത്തിനാണ് മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടത്.

ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തരംതിരിച്ച് കത്തില്‍ എഴുതിയിരുന്നു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും കത്തിലുണ്ടായിരുന്നു. കത്ത് സി പി എം ജില്ലാ നേതാക്കള്‍ അതതു വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണു പുറത്തായത്.

എന്നാല്‍, മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍നിന്നോ കത്ത് നല്‍കിയിട്ടില്ലെന്നു തിരുവനന്തപുരം നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു. മേയര്‍ സ്ഥലത്തില്ലാതിരുന്ന ദിവസമാണു കത്ത് കൈമാറിയതായി കാണുന്നത്. ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടന്നുവരികയാണ്. ആക്ഷേപം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം: ”തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവും നിലവിലില്ല. മേയര്‍ സ്ഥലത്തില്ലാതിരുന്ന ദിവസമാണു കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകൂ. ഔദ്യോഗികമായി അതു നടന്നുവരികയാണ്. ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപ്പെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്തുവരുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണു നഗരസഭയും ഭരണസമിതിയും ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഇങ്ങനൊരു ആക്ഷേപം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നു തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.”

കത്തയച്ചുവെന്ന ആരോപണം മേയര്‍ നേരത്തെ തന്നെ തള്ളിയിരുന്നു കത്തയച്ച തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു. കത്തിലെ ഒപ്പ് വ്യാജമാണ്. വിഷയത്തില്‍ സംബന്ധിച്ച് അന്വേഷണം നടത്തും. കത്തില്‍ തീയതി നവംബര്‍ ഒന്നാണ്. അന്ന് മേയര്‍ ഡല്‍ഹിയിലാണെന്നും രാജു പറഞ്ഞു.

അതേസമയം, മേയര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്‌ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് ദേശീയ സമിതി അംഗം ജെ എസ് അഖിലാണ് പരാതി നല്‍കിയത്. കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvananthapuram corporation appointment in temporary vacancies will be through employment exchange