തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൃത്യം നടത്താൻ ഉപയോഗിച്ച കത്തി കുളത്തില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുക്കാനായില്ല. അതേസമയം, ചോര പുരണ്ട ഷര്‍ട്ട് കണ്ടെത്തി.
അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായ വിനീത വിജയനെ (38) കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും ചോര പുരണ്ട വസ്ത്രവും മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു രാജേന്ദ്രന്റെറ മൊഴി. ഇതേത്തുടര്‍ന്നാണ് മുട്ടടയിലെ കുളത്തില്‍ രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്.
ഇന്ന് ഉച്ചയോടെയാണു പ്രതിയുമായി അമ്പലമുക്കിലും മുട്ടടയിലും പൊലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന അമ്പലമുക്കിലെ കടയില്‍ പ്രതിയെ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിക്കെതിരെ തിരിഞ്ഞു. രാജേന്ദ്രനെതിരെ അസഭ്യംപറഞ്ഞ നാട്ടുകാറ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ഏറെ പാടുപെട്ടാണ് നാട്ടുകാരെ അടക്കിയത്. തുടര്‍ന്നാണ് പ്രതിയെ മുട്ടടയിലെ കുളത്തിലേക്കു തെളിവെടുപ്പിനു കൊണ്ടുപോയത്.
Also Read: നമ്പര്‍ 18 ഹോട്ടലിലെ പീഡനം: പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ്
കുളത്തിലെ തെളിവെടുപ്പ് മുക്കാല്‍ മണിക്കൂറോളം നീണ്ടു. ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ ചോരപുരണ്ട ഷര്‍ട്ട് കണ്ടെടുത്തു. ഇതു തന്റേതാണെന്നു രാജേന്ദ്രന് തിരിച്ചറിഞ്ഞു. എന്നാല്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ കഴിയാതിരുന്നതോടെ പൊലീസ് പ്രതിയുമായി മടങ്ങുകയായിരുന്നു. തിരച്ചിലിനായി മുങ്ങല്‍ വിദഗ്ധര്‍ എത്തിയിരുന്നു.
കത്തി ഉപേക്ഷിച്ചത് മുട്ടടയിലെ കുളത്തിലാണെന്നായിരുന്നു രാജേന്ദ്രന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയില്‍നിന്ന് കത്തി വലിച്ചെറിഞ്ഞോ അതോ മുട്ടടയിലെത്തി കുളത്തില്‍ ഉപേക്ഷിച്ചോ എന്നത് കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് പിന്നീട് പറഞ്ഞത്. പ്രതിയെ വീണ്ടും ചോദ്യംചെയ്ത ശേഷം തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
അമ്പലമുക്ക് കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയന് ഫെബ്രുവരി ആറിനാണു സ്ഥാപനത്തില്‍വച്ച് കൊല്ലപ്പെട്ടത്. ചെടിച്ചട്ടി വില്‍ക്കുന്ന സ്ഥലത്തു നില്‍ക്കുകയായിരുന്ന വിനീതയുടെ നാലു പവന്റെ സ്വര്‍ണമാല പിടിച്ചുപറിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതു പ്രതിരോധിച്ച വിനീതയെ കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.
Also Read: കണ്ണൂരില്‍ ബോംബെറിഞ്ഞ് കൊലപാതകം: നാല് പേര് കസ്റ്റഡിയില്‍
സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളില്‍നിന്നു പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതാണു നിര്‍ണായകമായത്. ഈ ദൃശ്യങ്ങള്‍ വിശകലനം ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി രാജേന്ദ്രനാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. നേരത്തെ അഞ്ചുപേരെ കൊലപ്പെടുത്തിയ രാജേന്ദ്രനെ തമിഴ്നാട്ടില്‍നിന്നാണു പൊലീസ് പിടികൂടിയത്.
2017 ല്‍ ആരുവാമൊഴി പൊലീസ് സ്റ്റേഷന് പരിധിയില്‍ റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കന്യാകുമാരി തോവാള വെള്ളമഠം സ്വദേശിയായ രാജേന്ദ്രന് ഡിസംബര്‍ മുതല്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലി നോക്കുകയായിരുന്നു.