scorecardresearch
Latest News

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളി

വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കോടതി അംഗീകരിച്ചു

trivandrum airport

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ നടപടി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മറ്റും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബഞ്ച് തള്ളി.

വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണെന്നുമുള്ള എയർ പോർട്ട് അതോറിറ്റിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം കോടതി അംഗീകരിച്ചു. ഉയർന്ന തുക ക്വാട്ട് ചെയ്തവർക്കാണ് ടെൻഡർ നൽകിയതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സംസ്ഥാന സർക്കാരാണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

Read More: ‘ജീവനക്കാരുടെ അശ്രദ്ധയിൽ കോവിഡ് രോഗികൾ മരിച്ചു’; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ടെൻഡർ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല. ഒരു എയർപോർട്ടിന്റെ ലാഭം മറ്റൊരു എയർപോർട്ടിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന സർക്കാർ വാദവും ശരിയല്ല. ലേല നടപടികൾ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സർക്കാർ വാദവും കോടതി തള്ളി.

സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഉയർന്ന തുക ക്വാട്ട് ചെയ്യാൻ കഴിയാതിരുന്നത് യാത്രക്കാരുടെ താൽപര്യം കണക്കിലെടുത്താണെന്നുമായിരുന്നു സർക്കാർ വാദം. മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുക്കാനാവുമായിരുന്നില്ലെന്നും സർക്കാർ ബോധിപ്പിച്ചു. അദാനി ക്വാട്ട് ചെയ്ത യാത്രക്കാരൻ ഒന്നിന് 168 രൂപ എന്ന നിരക്ക് നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടും സംസ്ഥാനത്തെ അവഗണിച്ചു വെന്നും സർക്കാർ ബോധിപ്പിച്ചു.

വിമാനത്താവളം അദാനിക്ക് കൈമാറ്റയതിനെതിരായ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈകോടതി തന്നെ വീണ്ടും കേൾക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvananthapuram airport privatization high court rejected kerala government plea