തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ്.

Also Read: ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും, ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല: മുഖ്യമന്ത്രി

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.

Also Read: സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം, കൈകഴുകി രക്ഷപ്പെടാൻ ശ്രമമെന്ന് മുരളീധരൻ

അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചിരുന്നു. സർക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതല്ല മുഖ്യമന്ത്രി വിളിച്ചു പറയേണ്ടത്. സർക്കാരും സംസ്ഥാന ഏജൻസികളും എന്തു ചെയ്യുന്നുവെന്ന് ജനം ചോദിക്കുന്നു. കേസിലുൾപ്പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

Also Read: സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ; സ്വപ്‌ന സുരേഷ് കീഴടങ്ങിയേക്കും, അസാധാരണ നടപടികൾ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിയിരുന്നു. ആരോപണങ്ങളില്‍ സര്‍ക്കാരിനു യാതൊരു പങ്കുമില്ല. ഉപ്പുതിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കുമെന്നും ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.