തിരുവനന്തപുരം: അന്തരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുന്നതിനെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയേയും വ്യോമയാന മന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Read More: നിയമസഭാ സമ്മേളനം തുടങ്ങി: അവിശ്വാസ പ്രമേയത്തിന് അനുമതി നല്കി
സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനുഭവപരിജ്ഞാനമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read More: ‘സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’; അവിശ്വാസപ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരത്തിന് അനുസൃതമല്ല എന്ന് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ വിമാനത്താവളത്തിന് നല്കിയ സഹായസഹകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നല്കാന് കഴിയില്ല എന്നും അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അദാനി എന്റര്‍പ്രൈസസ് നല്കാന് തയ്യാറായ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം എടുത്തതിന് യാതൊരു നീതികരണവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് .