ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി. വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനുള്ള കരാർ കാലാവധി നാളെയാണ് അവസാനിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും.

Also Post: ഇനി കൊച്ചീന്ന് ജിദ്ദയിലേക്ക് പറക്കാം; പുതിയ സര്‍വ്വീസുമായി ഇന്‍ഡിഗോ

അതേസമയം, സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാലിനെ കൂടി നടത്തിപ്പിൽ പങ്കാളിയാക്കാമെന്ന നിർദേശം അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചതായാണ് സൂചന. ടെണ്ടറിൽ ഒന്നാമത് എത്തിയ അദാനി ഗ്രൂപ്പിന് കേന്ദ്രസർക്കാർ ഇതുവരെ വിമാനത്താവള നടത്തിപ്പ് കൈമാറിയിട്ടില്ല. വിമാനത്താവളം ഏറ്റെടുത്ത് നടത്താമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ ഇതിനോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അദാനിയുമായി കൈകോർത്താൽ ഉണ്ടാകാവുന്ന രാഷ്ട്രീയ വിമർശനങ്ങൾ സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. അദാനിയുമായുള്ള കൈകോർക്കൽ ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നായിരുന്നു അടുത്തിടെ മുഖ്യമന്ത്രിയുടെ പ്രതികരണം. കരാർ കാലാവധി നാളെ അവസാനിച്ചാലും മൂന്ന് മാസം നീട്ടാനുള്ള സാധ്യതയുമുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കോടികൾ നിക്ഷേപിച്ച അദാനി സംസ്ഥാന സർക്കാരിനെ പിണക്കാൻ ആഗ്രഹിക്കുന്നില്ല.

Also Post: ഉന്നാവ് അപകടം: സിബിഐ അന്വേഷണത്തിന് ശുപാർശ

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി എന്നിവരുമായും മുഖ്യമന്ത്രി ചർച്ച നടത്തും. വായ്പാ പരിധി ഉയര്‍ത്തുന്നതടക്കം ബജറ്റ് ചര്‍ച്ചയ്ക്കിടെ ഉന്നയിച്ച ആവശ്യങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമനെ വീണ്ടും അറിയിക്കും. ദേശീയപാത വികസനത്തിന് വരുന്ന ചെലവിന്‍റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി നിലപാട് അറിയിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.